കൊല്ലം: കാലാവസ്ഥാനുകൂല വിളകള്‍ വികസിപ്പിക്കുന്നതിന് ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആരംഭിക്കുന്ന കേര (ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതി തോട്ടംമേഖലയില്‍ കൊണ്ടുവരുന്നത് വലിയ മാറ്റങ്ങള്‍.
പദ്ധതിവഴി ഉത്പാദനശേഷി കുറഞ്ഞ റബ്ബർമരങ്ങള്‍ വെട്ടിമാറ്റി 30000 ഹെക്ടറില്‍ ഉത്പാദനക്ഷമതയുള്ള റബ്ബർമരങ്ങള്‍ നാലുവർഷത്തിനകം നടാനാണ് ഉദ്ദേശിക്കുന്നത്. ഒരുലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഏലം, കാപ്പിത്തോട്ടങ്ങളിലെ ഉത്പാദനവും വൻതോതില്‍ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
എറണാകുളം, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ തോട്ടങ്ങളിലാണ് റബ്ബർ പുനർനടീല്‍ നടത്തുന്നത്. ഒരു ഹെക്ടറിന് 75,000 രൂപ വീതം ഇതിന് കർഷകർക്ക് സഹായം നല്‍കും. 25 സെന്റ് മുതല്‍ അഞ്ച് ഹെക്ടർ വരെ സ്ഥലമുള്ള നാമമാത്ര-ചെറുകിട റബ്ബർ കർഷകർക്ക് വ്യക്തിഗത സഹായം ലഭിക്കും. ഉത്പാദനക്ഷമത കുറഞ്ഞ, മുപ്പതുവർഷത്തിനുമേല് പ്രായമുള്ള റബ്ബർമരങ്ങള്‍ മുറിച്ചുമാറ്റി, റബ്ബർ ബോർഡ് നിർദേശിക്കുന്ന മരങ്ങളാണ് നടുക. ആദ്യഘട്ടത്തില്‍ അഞ്ച് ഹെക്ടർവരെ കൃഷിചെയ്യുന്ന ഒരുലക്ഷത്തോളം റബ്ബർ കർഷകർക്ക് ബോധവത്കരണവും ശാസ്ത്രീയ വിളപരിചരണമുറകളും നിർദേശങ്ങളും നല്‍കും. റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി അടക്കമുള്ള ഉത്പാദകസംഘങ്ങളുടെ ശാക്തീകരണംവഴി ഉത്പാദിപ്പിക്കുന്ന റബ്ബർ മൂല്യവർധിത ഉത്പന്നങ്ങളാക്കും. കർഷകരെ വ്യാപാരികളുമായി ബന്ധിപ്പിച്ച് സുസ്ഥിരവിപണി ഉറപ്പാക്കും.
വയനാട് ജില്ലയിലെ കാപ്പിക്കർഷകർക്കും കേര പദ്ധതി ഗുണകരമാകും. നിലവിലെ തോട്ടങ്ങളിലെ ഉത്പാദനക്ഷമത കുറഞ്ഞ കാപ്പിച്ചെടികള്‍ മുഴുവൻ വെട്ടിമാറ്റി, അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ നടുന്നതിന് ഹെക്ടർ ഒന്നിന് 1,10,000 രൂപ വരെയുള്ള സഹായമാണ് നല്‍കുക. ഇങ്ങനെ 1360 ഹെക്ടറില്‍ പുനർനടീലിന് 14.96 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് 30 നഴ്സറികള്‍ക്ക് ആറുലക്ഷം രൂപവീതം നല്‍കും.
ഇടുക്കി ജില്ലയിലെ ചെറുകിട-ഇടത്തരം ഏലക്കർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ക്കും ‘കേര’ പദ്ധതി പരിഹാരം കാണും. ഇതിനായി അഞ്ചുവർഷംകൊണ്ട് 22000 ഏലം കർഷകർക്ക് ബോധവത്കരണം നല്‍കും. 7000 കർഷകർക്ക് 3500 ഹെക്ടറില്‍ പുനർനടീല്‍ സഹായം നല്‍കും. 35 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. റബ്ബർ ബോർഡ്, കോഫി ബോർഡ്, സ്പൈസസ് ബോർഡ് എന്നിവയുടെ സാങ്കേതിക സഹായത്തോടെ പ്ലാന്റേഷൻ വകുപ്പാണ് തോട്ടംമേഖലയിലെ പദ്ധതിപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










