ചരിത്രാതീത കാലം മുതൽ തന്നെ ആചാരങ്ങളിൽ ചന്ദനത്തിന് അർഹമായ പ്രാധാന്യമുണ്ട്. രാജകീയ വൃക്ഷം എന്നറിയപ്പെടുന്ന ചന്ദനം മഹത്വത്തിന്റെയും സമ്പത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ചന്ദനം എന്ന വാക്കിന്റെ അർത്ഥം തന്നെ സന്തോഷിപ്പിക്കുന്നത് എന്നാണ്.
സാന്റലം ആൽബം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചന്ദനം, സൻ്റാലേസിയ എന്ന സസ്യകുടുംബത്തിൽ പെടുന്നു. സംസ്കൃതത്തിൽ ഇത് ഹിമം, ശീതം, സീതം, ഗന്ധാഢ്യ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
നിരവധി ഔഷധ ഗുണങ്ങളുള്ള ചന്ദനത്തിന്റെ വേരും മരവും ഔഷധഗുണമുള്ളതാണ്. ദാഹം ശമിപ്പിക്കുന്ന ഔഷധങ്ങളുടെ കൂട്ടത്തിൽ ആയുർവേദത്തിൽ ചന്ദനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. സെസ്ക്വിറ്റെർപ്പിൻ ആള്‍ക്കഹോള്‍സ്, ട്രാൻസ്ബെർഗാമോട്ടോള്‍ എന്നിവയൊക്കെയാണ് രാസഘടകങ്ങള്‍.
ചന്ദനം ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷം നൽകുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. മൂത്രതടസ്സം, മൂലക്കുരു, ശരീരതാപം, ദുർഗന്ധം, രക്താതിസാരം, പൈത്തിക വികാരങ്ങള്‍ ഇവയ്ക്ക് ചന്ദനം ഉത്തമമാണ്. സൗന്ദര്യവർദ്ധക വ്യവസായത്തിലെ സോപ്പുകൾ, പെർഫ്യൂം, ക്രീംസ്, മറ്റുള്ള സ്കിൻ കെയർ പ്രോഡക്ടുകളിലും ചന്ദനം വളരെയധികം ഉപയോഗിക്കുന്നുണ്ട്. ത്വക്കിന്റെ സ്വഭാവിക നിറവും തിളക്കവും വർധിപ്പിക്കാൻ കഴിയുന്ന ഘടകങ്ങളും ചന്ദനത്തിലടങ്ങിയിട്ടുണ്ട്. മുഖക്കുരു പാടുകള്‍ മായ്ക്കുന്നതിനും ചർമ്മത്തിന് കുളിർമ നല്‍കാനും ഇതിന് കഴിവുണ്ട്.
ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്തി മാനസികാരോഗ്യം നിലനിർത്താനും ചന്ദനത്തിന്റെ സുഗന്ധം സഹായിക്കും. ചുമ, ശ്വാസംമുട്ടല്‍, ജലദോശം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരാനും മുറിവുകള്‍, പൊള്ളല്‍ എന്നിവ സുഖപ്പെടുത്തുന്നതിനും ചന്ദനം ഉപയോഗിക്കാറുണ്ട്. ചന്ദനം അടങ്ങിയിട്ടുള്ള ധാരാളം ആയുർവേദ ഔഷധങ്ങള്‍ പല രോഗാവസ്ഥകളിലും ഉപയോഗിച്ചുവരുന്നുണ്ട്. ചന്ദനാദി തൈലം, ദ്രാക്ഷാദി കഷായം, തിക്തകം കഷായം, ചന്ദനാസവം, ശാരിബാദ്യാസവം, ധന്വന്തരം തൈലം, മഹാ നാരായണ തൈലം, ഇവ അവയില്‍ ചിലതു മാത്രമാണ്.
ഇന്ത്യയില്‍ ആയുർവേദ ഔഷധ നിർമാണത്തിന് മാത്രം പ്രതിവർഷം 350 ടണ്‍ ചന്ദനത്തടി ഉപയോഗിക്കുന്നതായാണ് കണക്ക്. ഔഷധ മൂല്യംക്കൊണ്ടും വിപണിയിലെ വൻസാധ്യതകളെ മുൻനിർത്തിയും ഭാവിയില്‍ ഉണ്ടാവാനിടയുള്ള വലിയ ഉപയോഗം കണക്കിലെടുത്തും ചന്ദനം നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്.
ചന്ദനം നടുന്നതിനോ കൃഷി ചെയ്യുന്നതിനോ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ മരം മുറിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള പരമാധികാരം വനംവകുപ്പിനാണ്. സ്വകാര്യ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്നതിന് സ്ഥലത്തിന്റെ കൈവശവകാശ രേഖകളും വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും സഹിതം ബന്ധപ്പെട്ട വനംവകുപ്പ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. തുടർന്ന് വനം വകുപ്പ് അധികൃതർ മരം വേരുസഹിതം പിഴുതെടുത്ത് ഗ്രേഡുകളാക്കി തരംതിരിച്ച് ലേലത്തില്‍ വില്‍ക്കുന്നു. തുകയുടെ 70 ശതമാനം ഉടമസ്ഥനും 30 ശതമാനം സർക്കാർ ഖജനാവിലേക്കുമാണ് ലഭിക്കുന്നത്.
20 മീറ്റർ ഉയരം വരെ വളരുന്ന നിത്യഹരിത വൃക്ഷമായ ചന്ദനം, വിത്തുമുളപ്പിച്ച് പ്രജനനം നടത്താം. കായിക പ്രജനനം വഴി തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും നിലവിലുണ്ട്. മേൻമയുള്ള വിത്തുകള്‍ പാകി 30 മുതല്‍ 80 ദിവസത്തിനുള്ളില്‍ത്തന്നെ മുളയ്ക്കാറുണ്ട്. തൈകള്‍ക്ക് നാലു മുതല്‍ ആറു ഇലകള്‍ വരെ വന്നുകഴിഞ്ഞാല്‍ അവ പറിച്ചെടുത്ത് പോളിത്തീൻ ബാഗുകളില്‍ നടാം.
ചന്ദനം കൃഷി അടിസ്ഥാനത്തിലും വീട്ടുപറമ്ബിലും ഉദ്യാനത്തിലും പരിമിതമായ തോതിലും വളർത്താം. കൃഷി അടിസ്ഥാനത്തിലാണെങ്കില്‍ ആറുമാസത്തിന് മുകളില്‍ പ്രായമായ തൈകള്‍ മഴക്കാലത്തിന് മുമ്ബായി നടാം. തൈകള്‍ തമ്മില്‍ മൂമ്മു മീറ്റർ അകലം പാലിക്കണം. ചന്ദനം ഒരു ഭാഗികമൂലപരജീവി (partial parasitic plant) ആയതിനാല്‍ നടുന്ന കുഴിയില്‍ ആതിഥേയ സസ്യം (പയറുവർഗങ്ങള്‍, തുളസി) ഇവ കൂടി നടാൻ പ്രത്യേകം ശ്രദ്ധിക്കണം. മണലും ചെമ്മണ്ണും ജൈവവളവും ഇട്ട കുഴിയില്‍ നടാം. വേനല്‍ക്കാലത്ത് ചെറിയ തോതില്‍ നനയ്ക്കണം. ആറുമാസത്തിലൊരിക്കല്‍ മണ്ണ് ഇളക്കിക്കൊടുക്കണം. കാലവർഷാരംഭത്തിലോ അവസാനത്തിലോ ജൈവവളം കൊടുക്കാം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 25 വർഷം പ്രായമാകുമ്ബോഴേക്കും കാതല്‍ ലഭിക്കും. നിലവില്‍ ഒരു കിലോ ചന്ദനത്തിന്റെ കാതലിന് 12000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്.
കാലാവസ്ഥ, മണ്ണിന്റെ പ്രത്യേകത തുടങ്ങിയ ഘടകങ്ങളാണ് ചന്ദനത്തിന്റെ ഗുണമേന്മ നിർണയിക്കുന്നത്. ലോകവിപണിയിലെ ഏറ്റവും മികച്ച ചന്ദന തൈലം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










