സ്കൂൾ തുറന്നാൽ രണ്ടാഴ്ച കുട്ടികൾക്ക് ക്ലാസിൽ പുസ്തകപഠനമുണ്ടാവില്ല. പകരം ലഹരിമുതൽ പൊതുമുതൽ നശിപ്പിക്കൽവരെയുള്ള സാമൂഹികവിപത്തുകളിൽ കുട്ടികളെ ജാഗ്രതപ്പെടുത്താനുള്ള ബോധവത്കരണം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിനായി പൊതുമാർഗരേഖയുണ്ടാക്കി അധ്യാപകർക്ക് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ രണ്ടിന് പതിവുപോലെ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതൽ നശിപ്പിക്കൽ, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റൽ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂൺ രണ്ടുമുതൽ രണ്ടാഴ്ച ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകാർക്കും ജൂലായ് 18 മുതൽ ഒരാഴ്ച ഹയർസെക്കൻഡറി വിദ്യാർഥികൾക്കുമാണ് ക്ലാസ്.
അധ്യാപകരെ പരിശീലിപ്പിക്കാൻ ശില്പശാല സംഘടിപ്പിക്കും. പോലീസും എക്സൈസും ബാലാവകാശ കമ്മിഷനും പരിശീലനം നൽകും. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാൻ 1680 ഹയർ സെക്കൻഡറി സ്കൂളുകളിലെ സൗഹൃദക്ലബ്ബുകൾ ഊർജിതമാക്കും. ആത്മഹത്യാപ്രവണതയ്ക്കെതിരേയും പരീക്ഷാപ്പേടിക്കെതിരേയും ബോധവത്കരണവും സംഘടിപ്പിക്കും.
സ്കൂൾ കുട്ടികളെ കയറ്റാതെപോവുന്ന സ്വകാര്യബസുകൾക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇറങ്ങാനും കയറാനും ആവശ്യമായ സമയം നൽകണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തിയുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം. കുട്ടികളുടെ യാത്രാസമയങ്ങളിൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിയന്ത്രിക്കണം.
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










