കോഴിക്കോട് ∙ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലിലായ വടകര സ്വദേശി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ല . ഷിംജിത ഫോണിൽ ഏഴ് വിഡിയോകൾ ചിത്രീകരിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. വിഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തത്. വിഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കപ്പെടുമെന്ന് ദീപക് കരുതി.
അതെ സമയം അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസ്സിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വിഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ട്. ബസിൽ നിന്ന് സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റ് സ്ഥലങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയിട്ടില്ല. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാനും മറ്റ് സ്ത്രീകളും ഇത്തരം പ്രവർത്തികളിലേർപ്പെട്ട്, കൂടുതൽ ആത്മഹത്യകളുണ്ടാകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










