‘ഹാര്‍ട്ട് അറ്റാക്ക്’ അഥവാ ഹൃദയാഘാതം ഏവര്‍ക്കും അറിയാം. എന്നാല്‍ ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ പലര്‍ക്കും സംശയങ്ങൾ തോന്നിയേക്കാം. എന്താണ് ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിശബ്ദമായി രോഗിയെ കടന്നുപിടിക്കുന്ന അവസ്ഥയാണിത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങള്‍ കാണിക്കുകയോ, നിത്യേന നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുമായി സാമ്യതയുള്ളതിനാല്‍ നാം നിസാരമായി തള്ളിക്കളയാന്‍ സാധ്യതയുള്ള ലക്ഷണങ്ങള്‍ കാണിക്കുകയോ, ലക്ഷണങ്ങളെ അറിയാതെ പോവുകയോ ചെയ്യുന്ന അവസ്ഥയാണ് ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്കി’ല്‍ സംഭവിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കുകളില്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെയും സൈലന്റ് ഹാര്‍ട്ട് അറ്റാക്കുകള്‍ തന്നെയാണ്. രോഗിക്ക് ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയാതെ പോകുകയും രോഗി മരണത്തിന് കീഴടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യവും ഇതുമൂലമുണ്ടാകുന്നു.
നിശബ്ദമായി സംഭവിക്കുന്നതാണെങ്കിലും മിക്ക കേസുകളിലും ശരീരം നേരത്തെ തന്നെ പ്രകടമായ സൂചനകള്‍ നല്കിയിരിക്കും. എന്നാലിത് നാം സമയത്തിന് തിരിച്ചറിയാതെ പോവുകയോ പരിഹാരം തേടാതെ പോവുകയോ ചെയ്യുന്നു എന്ന് മാത്രം. അതിനാല്‍ തന്നെ ഈ സൂചനകളെ മനസിലാക്കിവയ്ക്കേണ്ടത് അത്യാവശ്യം തന്നെ. ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് നെഞ്ചുവേദന. വളരെ ചുരുക്കം പേരില്‍ മാത്രമേ നെഞ്ചുവേദന അറിയാതെ പോവുകയോ അനുഭവപ്പെടാതെ പോവുകയോ ചെയ്യാറുള്ളൂ. നെഞ്ചിന്റെ നടുഭാഗത്തോ ഇടതുവശത്തായോ വേദന, അസ്വസ്ഥത, സമ്മര്‍ദ്ദം, നിറയുന്നതായുള്ള തോന്നല്‍ ഇങ്ങനെയുള്ള അനുഭവങ്ങളെല്ലാം ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം എന്നിവയെല്ലാം ഇത്തരത്തില്‍ കാണുന്ന ലക്ഷണങ്ങളാണ്. വയറിന്റെ മുകള്‍ഭാഗത്ത് നടുവില്‍ നിന്നായിരിക്കും വേദന അനുഭവപ്പെടുക. ഇതിനൊപ്പം തന്നെ ശരീരം വെട്ടിവിയര്‍ക്കുക, നെഞ്ചില്‍ സമ്മര്‍ദ്ദം, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും നേരിടാം. ചിലരാണെങ്കില്‍ തലകറങ്ങി ബോധമറ്റ് വീഴുകയും ചെയ്യാം. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
ഹൃദയാഘാത സൂചനയാണെന്ന് സ്വയമോ അല്ലാതെയോ സംശയം തോന്നിയാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുകയാണ് വേണ്ടത്. ഇതിന് ഒട്ടും സമയം ചെലവിടരുത്. അതോടൊപ്പം തന്നെ രോഗി ബോധമറ്റ് വീണ്, ശ്വാസം എടുക്കുന്നില്ലെന്ന് കാണുകയാണെങ്കില്‍ അടിയന്തര സഹായമായ സിപിആര്‍ ചെയ്യണം. ഇത് അറിവുള്ള ആരെങ്കിലും വേണം ചെയ്യാന്‍. രോഗിയെ മരണത്തിന് വിട്ടുകൊടുക്കാതെ പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇത് ചെയ്യുന്നത്. അത്രയും പ്രധാനപ്പെട്ട ഒന്നാണ് സിപിആര്‍. നിലവില്‍ മിക്ക തൊഴിലിടങ്ങളിലും മറ്റ് മേഖലകളിലും സിപിആര്‍ നല്‍കുന്നത് എങ്ങനെയാണെന്ന് സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. അതിനുള്ള അവസരം ലഭിക്കുമ്പോൾ തീർച്ചയായും മനസിലാക്കിവെക്കണം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.