കൊച്ചി : ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് ഇന്നലെ രാത്രി അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. കള്ളക്കടത്ത് നടത്തിയിരുന്ന സിറാജിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ കമ്പനിയുടെ പേരിലാണ് സ്വർണം വന്നത്. മറ്റൊരു പ്രതിയും സിനിമാ നിർമ്മാതാവുമായ സിറാജുദ്ദീൻ ഇപ്പോൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാൻ കസ്റ്റംസ് ശ്രമം തുടങ്ങി. ഉടൻ ഹാജരാകാൻ കൊച്ചിയിലെ വസതിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് കസ്റ്റംസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.