ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ആവേശകരമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യയുടെ പരമ്പര നേട്ടം. യുവതാരങ്ങളുടെ നിരയുമായി ഇറങ്ങിയാണ് ഇന്ത്യ പരമ്പര നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. കെ എല്‍ രാഹുലിന്റെ കീഴിലിറങ്ങിയാണ് ഇന്ത്യയുടെ നേട്ടം.
മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് സഞ്ജു സാംസണാണ്. എട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയെടുത്തിരിക്കുകയാണ്. 114 പന്ത് നേരിട്ട് 108 റണ്‍സാണ് സഞ്ജു നേടിയത്. കളിയിലെ താരമായതും സഞ്ജുവാണ്. മലയാളി താരത്തിന്റെ സെഞ്ച്വറി ആരാധകര്‍ ആഘോഷമാക്കുന്നതോടൊപ്പം ശ്രീശാന്തിനെതിരേ രൂക്ഷ വിമര്‍ശനവും ഉയരുകയാണ്. ശ്രീശാന്തിന്റെ മുഖത്തേറ്റ അടിയാണ് സഞ്ജുവിന്റെ സെഞ്ച്വറിയെന്നാണ് ആരാധക പക്ഷം.
ശ്രീശാന്ത് കഴിഞ്ഞ ദിവസം സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനം സഞ്ജു ഒഴിയണമെന്നും സ്ഥിരതയില്ലാത്ത താരമാണെന്നുമെല്ലാമാണ് ശ്രീശാന്ത് പറഞ്ഞത്. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. ഇപ്പോള്‍ രാജ്യത്ത് സഞ്ജുവിന്റെ സെഞ്ച്വറി പിറന്നതോടെ ശ്രീശാന്തിനെ പൊങ്കാലയിടുകയാണ് ആരാധകര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ കേരള താരമാണ് ശ്രീശാന്ത്.
സഞ്ജുവിന്റെ വളര്‍ച്ചയില്‍ ശ്രീശാന്തിന് അസൂയയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനെ രാജസ്ഥാന് റോയല്‍സിലേക്കെത്തിച്ചത് ശ്രീശാന്താണ്. സഞ്ജുവിന്റെ കരിയറിന്റെ തുടക്ക സമയത്ത് വലിയ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെ വിമര്‍ശിക്കാന്‍ മാത്രമാണ് ശ്രീശാന്ത് വാ തുറക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ മികവിനെ ചോദ്യം ചെയ്തവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്.
ഏകദിന ലോകകപ്പില്‍ നിന്ന് സഞ്ജു തഴയപ്പെട്ടിരുന്നു. ഇന്ത്യ പല പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്ന് തഴഞ്ഞിട്ടും പൊരുതി തിരിച്ചുവന്നാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം. ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സഞ്ജു മടികാട്ടിയില്ല. ഇതിന്റെ ഗുണം ഇപ്പോള്‍ കണ്ടു. സെഞ്ച്വറിക്ക് ശേഷം സഞ്ജുവും പറഞ്ഞത് ഇതാണ്. ഗംഭീര സെഞ്ച്വറി, സഞ്ജു ഇനി കോലിക്കൊപ്പം! മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത റെക്കോഡ് ഈ നേട്ടത്തിന് പിന്നില്‍ നിരവധി അധ്വാനമുണ്ട്. മാനസികമായും ശാരീരികമായും ഏറെ നാളുകളായി അധ്വാനിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടതെന്നാണ് സഞ്ജു പറഞ്ഞത്.
അടുത്ത ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് മികവുണ്ട്. എന്തായാലും സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം കരിയറിന്റെ നിര്‍ണ്ണായക സമയത്താണ്. രണ്ടാം ഏകദിനത്തില്‍ സഞ്ജു നിരാശപ്പെടുത്തിയപ്പോള്‍ പല പ്രമുഖരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇവരോടെല്ലാം പകരം വീട്ടാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ സെഞ്ച്വറിയോടെ സഞ്ജുവിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









