പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ശ്രീനിവാസനെ വെട്ടിയവരിൽ ഒരാൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും.
പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇയാൾ ഓടിച്ച ആക്ടിവയും കണ്ടെടുത്തു. കൊലയാളികളെ അനുഗമിച്ച ചുവന്ന മാരുതി കാറിലാണ് ആയുധം കൊണ്ടുവന്നതെന്നും വിവരം ലഭിച്ചിരുന്നു. ശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് ഉടൻ എത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അതിനിടെ, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് ബി.ജെ.പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.
അതിനിടെ സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം കോടതിയിൽ ഹർജി നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









