സിപിഎം വനിതാ നേതാക്കൾക്കെതിരായ കെ സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സിപിഎമ്മിലെ വനിതാ നേതാക്കൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു. കാശടിച്ചു മാറ്റി തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്നു.
കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









