തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലം മോട്ടോർ വാഹന എൻഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥനായ കിരൺ കുമാറിനെ പുറത്താക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നേരത്തെ കിരൺ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പ്രൊബേഷനിൽ ആയിരുന്നതിനാൽ, അയാൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയില്ല.
അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലാണ് നടപടിയെടുത്തതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യയുടെ മരണത്തെത്തുടർന്ന് ഒരു ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമാണ്. ഇതിന് വ്യവസ്ഥയുണ്ടെന്നും ഇത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. 1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് നിയമം. അതുകൊണ്ടാണ് പിരിച്ചുവിടൽ നടപടി കിരണിനെതിരെ എടുത്തത്.
പോലീസ് കേസും വകുപ്പ് മേധാവിയുടെ അന്വേഷണവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പോലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികൾ അടക്കമുള്ള കാര്യങ്ങൾ വിസ്മയയുടെ കേസിൽ ശേഖരിച്ചിരുന്നു. കിരൺ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസിൽ കിരണിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി പൂർത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരൺ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടർന്നാണ് പിരിച്ചുവിടൽ. നാളെ ഗതാഗത മന്ത്രി വിസ്മയയുടെ വീട് സന്ദർശിക്കും. വിസ്മയയുടെ കുടുംബാംഗങ്ങൾ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു.
കിരണ്‍കുമാറിന്റെ ഭാര്യയും നിലമേല്‍ സ്വദേശിയുമായ വിസ്മയയെ ശാസ്താംകോട്ടയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീപീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.