മാവൂർ: മാവൂരിൽ കടകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മലപ്പുറം പുളിക്കൽ പള്ളിക്കൽ ചന്ദനക്കണ്ടി ഒടയോള പ്രണവ് (31) ആണ് പൊലീസിന്റെ പിടിയിലായത്. ഈ മാസം എട്ടാം തീയതി പുലർച്ചെയായിരുന്നു മാവൂർ ബസ്റ്റാന്റിന് എതിർവശത്തുള്ള പാരീസ് ടൈലറിംഗ്, പി എം ആർ വെജിറ്റബിൾസ് എന്നീ കടകളിൽ മോഷണം നടന്നത്.
പാരീസ് ടൈലറിംഗിൽ നിന്നും 50000 രൂപയും പി എം ആർ വെജിറ്റബിൾസിൽ നിന്ന് 15000 രൂപയും നഷ്ടപ്പെട്ടിരുന്നു. സി സി ടി വി ദൃശ്യമുൾപ്പെടെയുള്ളവ പരിശോധിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി പൊലീസ് വലയിലായത്. പ്രതിയെ മാവൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ എസ് ഐ സലീം മുത്തത്ത്, എസ് സി പി ഒ പ്രമോദ്, എസ് സി പി ഒ ഹാരിസ്, സി പി ഒ മുഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതേസമയം പൂവാട്ട്പറമ്പ് മുതൽ ചൂലൂർ വരെ ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ നടത്തിയ കോഴിക്കോട് കാരപ്പറമ്പ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് എന്ന കുട്ടൂസൻ (32) ഇന്നലെ മാവൂർ പോലീസിന്റെയും സ്പെഷ്യൽ സ്ക്വാഡിന്റെയും പിടിയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് മാവൂർ കട്ടാങ്ങൽ റോഡിലുള്ള മിൽമ ബൂത്തിലും ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ.കെ സ്റ്റോറിലും, ചെറൂപ്പ കെ.എം പ്ലൈ ഹാർഡ്‌വെയറിലും ജോഷിത്ത് മോഷണം നടത്തിയിരുന്നത്. ഇതിനുപുറമെ പെരുമണ്ണ പാറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു. ഇതോടെ അടുത്തടുത്തായി നടന്ന രണ്ട് മോഷണക്കേസുകളിലെയും പ്രതികളെ പിടികൂടാനായത് മാവൂർ പൊലീസിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.