കട്ടാങ്ങൽ: ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബത്തിന് തണലാവുന്നതിനിടെ ജിതിൻ രാജിന് നഷ്ടമായ തൻ്റെ ഇടത് കൈ . പകരം ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് നൽകുന്ന ആർട്ടിഫിഷ്യൽ കൈ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ജിതിൻ രാജിൻ്റെ വീട്ടിലെത്തി കൈമാറി.
മലയമ്മ അമ്പലമുക്ക് സ്വദേശി കുറുക്കൻതൊടുകയിൽ രാജന്റെ ഇളയ മകനായ ജിതിൻ രാജ് തന്റെ ബാല്യകാലത്ത് തന്നെ കുടുംബത്തെ സഹായിക്കുന്നതിന്നു വേണ്ടി കൂലിപ്പണികൾ ചെയ്തിരുന്നു. നല്ല ഫുട്ബോൾ കളിക്കാരനായ ജിതിൻ ഒരിക്കൽ അടക്ക പറിക്കുന്നതിനിടെ ഷോക്കേറ്റുണ്ടായ അപകടത്തിലാണ് തൻ്റെ ഇടതു കൈ മുട്ടിനു താഴെ നഷ്ടമായത്. ലക്ഷങ്ങൾ ചിലവ് വരുന്ന കൃത്രിമ കൈ വാങ്ങാനുള്ള സാമ്പത്തിക ചുറ്റുപാടില്ലാത്ത ജിതിൻ രാജിന്റെ കുടുംബം യൂത്ത് ലീഗ് പ്രവർത്തകരോട് സഹായം അഭ്യർത്ഥിച്ചപ്പോൾ ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അവരെ സഹായിക്കാൻ മുന്നോട്ട് വരുകയായിരുന്നു. സുമനസ്സുകളുടെ സഹായത്താൽ യൂത്ത് ലീഗ് ജിതിൻ രാജിന്റെ സ്വപ്നം പൂവണിയിപ്പിച്ചു. കൃത്രിമ കൈ ഉപയോഗിക്കേണ്ട രീതികളെ കുറിച്ചുള്ള കൃത്യമായ പരിശീലനങ്ങളും യൂത്ത് ലീഗിന്റെ സഹായത്താൽ ജിതിൻ രാജിന് ലഭിച്ചു.
ജിതിൻ രാജിന്റെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ കൃത്രിമ കൈ ജിതിൻ രാജിന് നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, എൻ പി ഹംസ മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, അബ്ദുൽ ഹക്കീം മാസ്റ്റർ, സി കെ റസാഖ് മാസ്റ്റർ, ഷമീർ പാഴൂർ, എൻ പി ഹമീദ് മാസ്റ്റർ, റസാഖ് പുള്ളന്നൂർ, സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, അശോകൻ വെണ്ണക്കോട്, പി ടി എ റഹ്മാൻ, സഹദ് വെസ്റ്റ് വെണ്ണക്കോട്, ശരീഫ് വെണ്ണക്കോട്, റസാഖ് മാസ്റ്റർ വെണ്ണക്കോട്, മൻസൂർ ഈസ്റ്റ് മലയമ്മ, റജീബ് പാലക്കുറ്റി, റഹൂഫ് മലയമ്മ, ഫാസിൽ കളൻതോട് തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.