കാട്ടുപന്നി വേട്ടയ്‌ക്കായി തെലങ്കാന സംഘം കേരളത്തിൽ. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെത്തിയ ഷൂട്ടർമാർ 4 പന്നികളെ വെടിവച്ചു കൊന്നു. 3 ദിവസത്തെ കാട്ടുപന്നി വേട്ടയ്ക്കായാണ് തെലങ്കാന സംഘം കോടഞ്ചേരിയിലെത്തിയത്.
കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ മലയോര മേഖലയിലെ കർഷകർക്ക് വലിയ ഭീഷണിയാണ്. ഇവയെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും ലൈസൻസുള്ള പ്രൊഫഷണൽ ഷൂട്ടർമാർ കേരളത്തിൽ ആവശ്യത്തിനില്ല. ഇതിന് പരിഹാരമായാണ് കോഴിക്കോട് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് തെലങ്കാനയിൽ നിന്നുള്ള വിദഗ്ധ സംഘത്തെയെത്തിച്ചത്.
കാട്ടുപന്നികളെ തുരത്താൻ സർക്കാർ അനുവദിച്ച വൈൽഡ് ലൈഫ് ട്രാക്കിംഗ് എന്ന എൻജിഒയിലെ 3 ഷൂട്ടർമാർ ഉൾപ്പെടെ 6 പേർ കോടഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി അവർ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കാർഷിക വിളകൾ നശിപ്പിക്കുന്ന ആൺ കാട്ടുപന്നികളെ മാത്രമാണ് ഇവർ ലക്ഷ്യമിടുന്നത്.
വിദഗ്ധരായ ഷൂട്ടർമാരുടെ അഭാവമാണ് തെലങ്കാന ടീമിനെ ആശ്രയിക്കാൻ കാരണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. കൊന്നൊടുക്കുന്ന പന്നികളെ 10 അടി താഴ്ചയിൽ കുഴിച്ച് ശാസ്ത്രീയമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മറവു ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.