തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽമുറിയിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിബെഞ്ചമി(36)നെയാണ് ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം മധുരയിൽനിന്നു പിടികൂടിയ പ്രതി കുറ്റം സമ്മതിച്ചതായി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ടെക്നോപാർക്കിനു സമീപമുള്ള ഹോസ്റ്റലിലെ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഐടി ജീവനക്കാരിയെ ബെഞ്ചമിൻ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചത്. മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി പെൺകുട്ടിയുടെ വായ പൊത്തിയശേഷം കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരുത്തനായ അക്രമി കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തുടർന്ന് പെൺകുട്ടി ബഹളം വെച്ചച്ചപ്പോൾ ഇയാൾ ഇറങ്ങിയോടി.
അടുത്തദിവസം കഴക്കൂട്ടം സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയെ അക്രമത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനായി അപേക്ഷ നൽകുമെന്നും അറിയിച്ചു.
ഡ്രൈവറായ പ്രതി സ്വന്തം ലോറിയിൽ യന്ത്രഭാഗങ്ങളുമായാണ് ഇവിടെയെത്തിയത്. തോന്നയ്ക്കലിൽ സാധനങ്ങൾ ഇറക്കിയശേഷം ലോറി കഴക്കൂട്ടത്ത് പാർക്ക് ചെയ്ത് മദ്യപിച്ചു. പിന്നീട് സർവീസ് റോഡിൽകൂടി ഇയാൾ നടന്നു. സമീപത്തെ രണ്ടു വീടുകളിൽനിന്ന് മോഷണവും നടത്തി. ഇതിനിടെ ഹോസ്റ്റലിൽ വെളിച്ചം കണ്ട് ഇവിടേക്കു കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പല സമയങ്ങളിലായി അന്തേവാസികൾ എത്തുമെന്നതിനാൽ ഹോസ്റ്റലിന്റെ പ്രധാന വാതിൽ തുറന്നു കിടന്നത് അകത്തുകയറാൻ ഇയാൾക്കു സഹായമായതായും പോലീസ് പറഞ്ഞു.പ്രതിയെ പിടികൂടിയത് അതിസാഹസികമായി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










