ന്യൂഡൽഹി: ഡ്രോണുകൾ ഉൾപ്പെടെയുള്ള ഭീഷണികളെ നേരിടാൻ വടക്കൻ, പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ അത്യാധുനിക റഡാർ സംവിധാനം സ്ഥാപിക്കാൻ സൈന്യം ഒരുങ്ങുന്നു. ശത്രുസൈന്യത്തിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. സൈന്യത്തിന്റെ ആകാശ്തിർ വ്യോമ പ്രതിരോധ ശൃംഖലയുമായി ഇത് സംയോജിപ്പിക്കും. ഇതിലൂടെ, യുദ്ധക്കളത്തിലെ കമാൻഡർമാർക്ക് ശത്രുവിന്റെ വ്യോമ ഭീഷണികളോട് ഉടനടി പ്രതികരിക്കാൻ കഴിയും.
45 ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് വികസിത റഡാറുകള്‍ (എല്‍എല്‍എല്‍ആര്‍-ഇ), 48 വ്യോമപ്രതിരോധ അഗ്നിശമന റഡാര്‍ ഡ്രോണ്‍ ഡിറ്റക്ടേഴ്സ് (എഡിഎഫ്സിആര്‍-ഡിഡി) എന്നിവയാണ് സജ്ജീകരിക്കുക. സമ്പൂര്‍ണ വ്യോമനിരീക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യസ്ഥാനം പിന്തുടരാനിടയാക്കുന്നതുമായ പത്ത് പരിഷ്കരിച്ച ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകളും (എല്‍എല്‍എല്‍ ആര്-1) ആര്‍മി ലക്ഷ്യമിടുന്നുണ്ട്. ത്രിമാനസ്വഭാവമുള്ള ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്ഡ് അറേ റഡാറുകളാണ് എല്‍എല്‍എല്‍ആര്‍-1. ആകാശത്ത് 50 കിലോമീറ്റര്‍വരെ ദൂരപരിധിയിലുള്ള ഏത് ശത്രുവിമാനങ്ങളെയും കണ്ടെത്തി തടയിടാന്‍ ഇവയ്ക്കാകും. ഒരേസമയം 100 ശത്രുവിമാനങ്ങളെവരെ പിന്തുടരാന് ശേഷിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










