അടുത്ത വർഷം ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ പഠാന്‍. കൊവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമേ ബോളിവുഡിൽ വിജയിച്ചിട്ടുള്ളൂ. നിര്‍മ്മാതാക്കള്‍ എപ്പോഴും മിനിമം ഗ്യാരന്‍റി കല്‍പ്പിക്കാറുള്ള അക്ഷയ് കുമാറിനു പോലും മുന്‍പത്തെ നിലയിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവുന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ചിത്രമാണ് പഠാനെന്നതാണ് ഇൻഡസ്ട്രിയുടെ പ്രതീക്ഷകളിൽ നിർത്തുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ ഗാനത്തിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബെഷറം രംഗ് എന്ന ഗാനത്തിലെ ഒരു രംഗത്തിൽ നായിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തെ അടിസ്ഥാനമാക്കിയായിരുന്നു ട്വിറ്ററിൽ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനം. സോങ്ങിൽ ഒരു സീനിൽ കാവി നിറത്തിലുള്ള ബിക്കിനിയിലാണ് ദീപിക എത്തുന്നത്. ഒപ്പം ബെഷറം രംഗ് (നാണമില്ലാത്ത നിറം) എന്ന വരികൾക്കൊപ്പമാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെയുള്ള പ്രചാരണം. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നുള്ള ട്വീറ്റുകളാണ് ഏറെയും. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗാനം ഇതിനകം 2.1 കോടിയിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
കുമാറാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. വിശാൽ ദദ്‌ലാനിയാണ് സ്പാനിഷ് ഭാഷയിലുള്ള വരികൾ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേർന്ന് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവർ ചേർന്നാണ്. ഷാരൂഖ് ഖാനെ സ്റ്റൈലിഷ് ഗെറ്റപ്പിൽ അവതരിപ്പിക്കുന്ന ഗാനത്തിൽ ദീപിക പദുക്കോൺ മനോഹരമായ ചുവടുകളോടെയാണ് എത്തുന്നത്. ആക്ഷൻ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താൻ തിയേറ്ററുകളിലെത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









