നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി തളളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ ഉപഹരജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. കേസിൽ പൊലിസ് അന്വേഷണം ആവശ്യമില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് വെക്കുന്നകാര്യം. കോടതി മേൽനോട്ടത്തിൽ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യമുയർന്നിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.