കണ്ണൂർ∙ എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് തീരുമാനിക്കേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ സംബന്ധിച്ചിടത്തോളം അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രധാനം. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി തീരുമാനം എടുത്തത്. ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ആരുമെടുക്കാത്ത ധീരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തത്. ആരോപണം ഉയർന്ന ഉടൻ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സ്ഥാനത്തു നിന്നു മാറ്റിചൊവ്വാഴ്ച കെപിസിസി പ്രസിഡന്റിന് മറ്റൊരു പരാതി കിട്ടി. അദ്ദേഹം അത് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന ഡിജിപിക്ക് കൈമാറി. പരാതി പൂഴ്ത്തിവയ്ക്കുകയല്ല ഉണ്ടായത്.
അഭിപ്രായ വ്യത്യാസം കോൺഗ്രസിന്റെ സൗന്ദര്യമാണെന്ന് ശശി തരൂരുമായി ബന്ധപ്പെട്ട ചോദ്യത്തിന് വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിലാണ് ഇങ്ങനെ ഒരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും വേണുഗോപാൽ ചോദിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്താണ് സംഭവിച്ചതെന്ന് ടി.പി.ചന്ദ്രശേഖരന്റെ അനുഭവം തൊട്ടുമുമ്പിൽ ഇല്ലേ. ശശി തരൂർ സിപിഎമ്മിലാണെന്ന് വിചാരിക്കുക. പിണറായി വിജയനെതിരെ ഒരക്ഷരം മിണ്ടിയാൽ എന്തായിരിക്കും തരൂരിന്റെ ഗതി. കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകും. എന്നാൽ പാർട്ടിക്ക് ആശയവും നയവും ഉണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതു കൊണ്ട് അത് മാറ്റാൻ പോകുന്നില്ല. വർക്കിങ് കമ്മിറ്റി എടുക്കുന്ന തീരുമാനമുണ്ട്. അതിൽ നിന്നു വ്യതിചലിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിനൊരു സമയം കൊടുക്കും. അത്രയേ ഉള്ളൂ എന്നും വേണുഗോപാൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










