കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രികൻ്റെ പോസ്റ്റ്മോർട്ടം വിശദാംശങ്ങൾ ഇന്ന് പുറത്തുവരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. എന്നാൽ കയർ കെട്ടിയത് പോലീസിന് ഗുരുതര വീഴ്ചയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സ്കൂട്ടർ യാത്രക്കാരനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചത്.
പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.