രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശമനമില്ലാതെ തുടരുന്നു. നിലവില്‍ 60 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തെ കൊവിഡ് കേസുകള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 85,362 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 59,03,933 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,089 പേർ കോവിഡ് മൂലം മരിച്ചു. ഇതോടെ വൈറസ് ബാധിതരായി ജീവന്‍ നഷ്ടമായവരുടെ എണ്ണം 93,379 ആയി.
രാജ്യത്ത് 9,60,969 പേർ ചികിത്സയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 48,49,585 പേർക്ക് സുഖം പ്രാപിച്ചു. സെപ്റ്റംബർ 25 വരെ രാജ്യത്ത് 7,02,69,975 സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 13,41,535 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
രാജ്യത്തെ നിലവിലെ മരണ നിരക്ക് 1.58 ശതമാനമാണ് . 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തില്‍ താഴെയാണ്. ആഴ്ചകള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധ ഇരുപതിനായിരത്തില്‍ താഴെ എത്തി. 17,794 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് ബാധിച്ചത്.
കര്‍ണാടകയില്‍ 8655 പേര്‍ക്കും, ആന്ധ്രയില്‍ 7073 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6477 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ 5674 പേരും ഉത്തര്‍പ്രദേശില്‍ 4519 പേരുമാണ് രോഗബാധിതരായത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയില്‍ രാജ്യത്ത് നാലാം സ്ഥാനത്ത് എന്നതാണ് സംസ്ഥാനത്ത് ആശങ്കയുയര്‍ത്തുന്നത്.
രോഗികളുടെ പ്രതിദിന വര്‍ദ്ധനാനിരക്ക് കേരളത്തില്‍ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനടുത്തുളളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കില്‍ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുളളത്.
ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തില്‍ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.