നിലമ്പൂർ: മഴ അവസാനിച്ചതോടെ ചാലിയാർ പഞ്ചായത്തിലെ കോഴിപ്പാറ ജലവിനോദ കേന്ദ്രത്തിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വാട്ടർ ടൂറിസം കേന്ദ്രങ്ങളിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രധാന ജല വിനോദസഞ്ചാര കേന്ദ്രമായ കോഴിപ്പാറയിൽ മഴ മാറിയതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തി.
പന്തീരായിരം വനത്തിലെ വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വെള്ളരിമലയിൽ നിന്ന് വനത്തിനുള്ളിലെ പാറകൾക്കിടയിലൂടെ ഒഴുകുന്ന കുറുവൻ പുഴയുടെ കോഴിപ്പാറ ഭാഗത്തുള്ള വെള്ളച്ചാട്ടമാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം. 150 അടിയോളം താഴേക്കാണ് വെള്ളം കുത്തനെ പതിക്കുന്നത്. ഈ മനോഹര കാഴ്ച സഞ്ചാരികളുടെ മനസ്സിന് കുളിർമയേകും. വേനൽക്കാലത്ത് വിനോദസഞ്ചാരികൾക്ക് കുളിക്കാൻ ഒരു കടവുമുണ്ട്.
വനം വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വാളാംതോടിൻ്റെ ഭാഗമാണ്. ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. നിലമ്പൂരിൽ നിന്ന് അകമ്പാടം, വെണ്ടേക്കുംപൊയില്‍ വഴി കോഴിപ്പാറയിലെത്താം. കോഴിക്കോട് ജില്ലയിൽ നിന്ന് കൂടരഞ്ഞി കൂമ്പാറ വഴിയും മുക്കം മരഞ്ചട്ടി വഴി കൂമ്പാറ വഴിയും കോഴിപ്പാറയിലെത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.