തിരുവനന്തപുരം: തൊണ്ടിമുതലായി കോടതിയില്‍ സൂക്ഷിച്ച കഞ്ചാവ് എലി കൊണ്ടുപോയിക്കാണുമെന്ന വിചിത്രവാദവുമായി പ്രോസിക്യൂഷന്‍. കഞ്ചാവ് കേസിന്റെ വിചാരണയ്ക്കിടെയാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ കേസിലെ സ്റ്റോർ റൂമിൽ നിന്ന് സീൽ ചെയ്ത കവർ എടുത്തപ്പോഴാണ് കഞ്ചാവ് കാണാതായതായി വ്യക്തമായത്.
രേഖകളിൽ 125 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നെങ്കിലും കവറിൽ അവശേഷിച്ചത് 25 ഗ്രാം മാത്രം. ബാക്കി എവിടെപ്പോയി എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ എലി കൊണ്ടുപോയതാകും എന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. വിചാരണ നടക്കുന്ന കേസില്‍ അഞ്ചാം സാക്ഷിയും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ സി.പി.ഒയുമായ ഗോപകുമാറിനെ കാണിച്ച് രേഖപ്പെടുത്താന്‍ എടുത്തപ്പോഴാണ് തൊണ്ടിമുതലിന്‍റെ ബഹുഭൂരിഭാഗവും ഇല്ലാതായ കാര്യം കോടതി അറിയുന്നത്. കുറച്ചെങ്കിലും ബാക്കിയുണ്ടെന്ന ആശ്വാസത്തിലാണ് കോടതിയും. നിര്‍ണായക തെളിവായ കഞ്ചാവ് മുഴുവന്‍ കാണാതായിരുന്നെങ്കില്‍ പ്രതിയെ വെറുതെവിടേണ്ടിവന്നേനെ.
തിരുവനന്തപുരം പാളയത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയതിന് സാബു എന്നയാളെ പോലീസ് പിടികൂടിയതാണ് കേസിന്റെ അടിസ്ഥാനം. 2016 നവംബർ 12നായിരുന്നു സംഭവം.100 ഗ്രാം കഞ്ചാവ് രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഏഴുവർഷത്തിനുശേഷം തൊണ്ടിമുതല്‍ വിചാരണയ്ക്കിടെ പരിശോധിച്ചപ്പോഴാണ് കൗതുകകരമായ വെളിപ്പെടുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









