സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ കുറ്റിക്കോടന്‍ സല്‍മാന്റെ വിജയത്തിൽ ഒപ്പം കൈകോര്‍ത്തുപിടിച്ചത് സുഹൃത്തുക്കളും ബന്ധുക്കളുമാണ്. സല്മാന് ഇന്ന് കേരളമൊട്ടാകെ ആരാധകരുള്ള സെലിബ്രിറ്റിയായി. ദിവസവും ഉദ്ഘാടനപരിപാടികള്‍… കായികതാരങ്ങള്‍ മുതല്‍ രാഷ്ട്രീയ, സിനിമ രംഗത്തുള്ളവര്‍ വരെ സൗഹൃദപ്പട്ടികയില്‍. ജന്മനാ ഡൗൺ സിൻഡ്രോം എന്ന ജനിതകാവസ്ഥയുള്ള ഈ 34കാരന് പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ഇന്ന് ജീവിതം ആഘോഷമാക്കുന്നത്. പ്രതിസന്ധികളും ആശങ്കയും നിറഞ്ഞതായിരുന്നു സൽമാന്റെ കുട്ടിക്കാലം. എട്ടു വയസ്സുവരെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും പ്രകടമായില്ല. മറ്റു കുട്ടികളെപ്പോലെയായിരുന്നില്ല സൽമാൻ. 4-5 വയസ്സായിട്ടും പിച്ചവെച്ച് നടക്കാൻ ശീലിച്ചിരുന്നില്ല. പിന്നീടാണ് അവന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ വന്നുതുടങ്ങിയത്.
ഭിന്നശേഷിക്കാരനെന്നു പറഞ്ഞ് മാറ്റിനിർത്താതെ വീട്ടുകാർ നാട്ടിലും കുടുംബത്തിലും നടക്കുന്ന എല്ലാ പരിപാടികൾക്കും സൽമാനെ കൊണ്ടുപോയിരുന്നു. വീട്ടിൽ മാത്രം ഒതുങ്ങാതെ എല്ലാവർക്കുമിടയിലുള്ള ജീവിതവും സ്നേഹപരിചരണവും മാറ്റങ്ങളുടെ തുടക്കമായി.കുട്ടിക്കാലത്ത് വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടിയിരുന്നെങ്കിലും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാരെല്ലാം വിധിയെഴുതിയത്. എന്നാൽ, പത്തു വയസ്സു മുതൽ പ്രകടമായ വ്യത്യാസമാണ് സൽമാനിൽ കണ്ടുതുടങ്ങിയത്. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും ക്ഷമയോടെയുള്ള കരുതലാണ് ഇതിന് പ്രധാന കാരണമായത്. വ്യത്യസ്ത പെരുമാറ്റമായിരുന്നിട്ടും കുട്ടികൾ സൽമാനുമായി കൂട്ടുകൂടി.വാശിയും പെട്ടെന്നുള്ള ദേഷ്യവുമൊക്കെ നിയന്ത്രിച്ച്, മറ്റുള്ളവർ പറയുന്നത് കേൾക്കുകയും അനുസരിക്കുകയുമൊക്കെ ചെയ്യുന്നതിലേക്കുള്ള ഈ മാറ്റം ജീവിതം മാറ്റിമറിക്കുന്നതായി. ഒറ്റ ദിവസത്തെ സ്കൂൾജീവിതമാണ് സൽമാനുണ്ടായിരുന്നത്. മറ്റു കുട്ടികൾക്ക് പ്രയാസമാകുമെന്നു മനസ്സിലാക്കിയ വീട്ടുകാർ സങ്കടത്തോടെയാണെങ്കിലും സ്കൂളിൽ വിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കുട്ടിക്കാലത്ത് ചെറിയ കുസൃതികളൊക്കെ ഒപ്പിച്ചു കൊണ്ടേയിരുന്നു. വീട്ടിൽ ബന്ധുക്കൾ ആരെങ്കിലും വരുമ്പോൾ, അവരുടെ ചെരിപ്പ് സൽമാന് ഇഷ്ടമായാൽ അതു മാറ്റിവെക്കുക പതിവായിരുന്നു. പകരം തന്റെ ചെരിപ്പ് ആ സ്ഥാനത്ത് കൊണ്ടുവെക്കും.ജ്യേഷ്ഠന്റെ മകന് ഷറഫുവുമായി സല്മാന് വലിയ ഇഷ്ടമാണ് വിദേശത്ത് ജോലിയുള്ള ഷറഫു ഗള്‍ഫിലേക്കു പോകുന്നത് സല്മാന് എപ്പോഴും സങ്കടമുണ്ടാക്കും. ഇത്തരത്തില്‍ സല്‍മാനോട് യാത്ര ചോദിക്കുമ്പോഴുള്ള സ്നേഹനിമിഷങ്ങള്‍ ഒരിക്കൽ വിഡിയോയില്‍ പകർത്തുകയും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നിഷ്കളങ്കമായ ഈ സ്നേഹപ്രകടനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പെട്ടന്ന് തന്നെ അത് വൈറലായി. നാടിനു പുറത്തേക്ക് സല്മാന് അറിയപ്പെട്ടുതുടങ്ങി. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം നിരവധി റീല്‍സില്‍ സല്മാന് പ്രത്യക്ഷപ്പെട്ടു. എല്ലാം ശ്രദ്ധിക്കപ്പെട്ടു അതോടെ അയല്‍നാടുകളില്‍നിന്ന് ആളുകള്‍ അന്വേഷിച്ചുവരാൻ തുടങ്ങി.ചെറുപ്പംമുതലേ ഫുട്ബാള്‍ മൈതാനങ്ങളിലും ആരവങ്ങള്‍ക്കും നടുവിലായിരുന്നു സല്‍മാന്റെ ജീവിതം. പിതാവിനൊപ്പം നാട്ടിലെ സെവന്‍സ് മൈതാനങ്ങളിലെ സ്ഥിരസാന്നിധ്യമായി. കളികാണാന്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ ദേഷ്യവും വാശിയുമാകും.
മറ്റു കുട്ടികളെപ്പോലെ കളിക്കാന്‍ കഴിയില്ലെങ്കിലും ശാരീരിക പരിമിതികള്‍ക്കുള്ളില്‍നിന്ന് ബൂട്ടും ജഴ്സിയുമണിഞ്ഞ് കളിക്കളത്തില്‍ നിറഞ്ഞാടിയിരുന്നു സൽമാൻ . ഒരിടത്തും അവഗണനയോ മാറ്റിനിര്‍ത്തലോ ഉണ്ടായിരുന്നില്ല. കളിക്കാരെല്ലാം സല്മാന് സപ്പോര്‍ട്ടായിരുന്നു. നാട്ടില്‍ ആരുടെയെങ്കിലും കല്യാണമുണ്ടെങ്കില്‍ ആദ്യവസാനം വരെ സല്മാന് അവിടെയുണ്ടാകും. ഈ സമയം ഉദ്ഘാടനപരിപാടിയുണ്ടെങ്കിലും സല്മാന് വരില്ല. ഇതോടെ പരിപാടിക്ക് സമയം കൊടുക്കുമ്പോള്‍ നാട്ടില്‍ കല്യാണമോ മറ്റ് ആഘോഷമോയില്ലെന്ന് ഉറപ്പുവരുത്തേണ്ട സ്ഥിതിയാണ് സുഹൃത്തുക്കൾക്ക്. പെരുന്നാളാണെങ്കിലും ഓണമാണെങ്കിലുമെല്ലാം സംഘാടനത്തിന്റെ നേതൃത്വം സല്മാന് ഏറ്റെടുക്കും.മൊബൈല്‍ ഫോണ്‍ നന്നായി ഉപയോഗിക്കാനറിയാം. വായിക്കാനും ടൈപ് ചെയ്യാനും അറിയില്ലെങ്കിലും വാട്സ്ആപ് ഡിപി നോക്കി ആളുകളെ മനസ്സിലാക്കും. വോയ്സ് ചാറ്റിലൂടെ കാര്യങ്ങള്‍ പറയും. ഏതു ചടങ്ങിലേക്കു ക്ഷണിച്ചാലും അവിടെയുള്ളവരെ കൈയിലെടുക്കാന്‍ സല്‍മാനറിയാം. ആരും പറഞ്ഞുകൊടുക്കുകയോ ആവശ്യപ്പെടുകയോ ഒന്നും വേണ്ട. ഉദ്ഘാടനച്ചടങ്ങിൽ തനിക്കൊപ്പമുള്ള അതിഥികളെ ആദരവോടെ കാണാനും പരിപാടിയില്‍ എന്താണോ വേണ്ടതെന്നും നന്നായറിയാം.
അതുകൊണ്ടുതന്നെയാണ് ഒരിക്കല്‍ സല്‍മാനെ വിളിച്ചവര്‍ വീണ്ടും വീണ്ടും ക്ഷണിക്കുന്നതും. ഏതു പരിപാടിയില്‍ പോയാലും ഫോട്ടോയെടുക്കാനും വിഡിയോ ചെയ്യാനുമെല്ലാമായി ആരാധകര്‍ ഉണ്ടാകും എത്ര വൈകിയാലും എല്ലാവരെയും ഹാപ്പിയാക്കിയാണ് മടങ്ങാറുള്ളത്. ഉദ്ഘാടനപരിപാടിയില്‍ ഡാന്‍സ് കളിക്കുന്നതെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ്. അവന്റെ ആഗ്രഹമെന്താണോ അതുചെയ്യട്ടെയെന്ന നിലപാടിലാണ് വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം. ഈയിടെ ഷോപ് ഉദ്ഘാടനത്തിനായി ദുബൈയിലേക്ക് സല്‍മാനും സംഘവും പോയിരുന്നു. 18 ദിവസത്തെ യാത്രയിൽ നാട്ടിലുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയുടേതടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തു. ഉംറക്കു പോകണമെന്ന ആഗ്രഹം ഏറെക്കാലം മുമ്പേ മനസ്സിലുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഖത്തര്‍ ലോകകപ്പ് കാണണമെന്നും ആഗ്രഹമുണ്ട്.ഉദ്ഘാടനച്ചടങ്ങുകളില്‍ സല്‍മാനെ പങ്കെടുപ്പിക്കുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് ആദ്യമൊക്കെ അത്ര താല്പര്യമുണ്ടായിരുന്നില്ല. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നതായിരുന്നു കാരണം. സല്‍മാന്റെ മാനസിക, ശാരീരിക വെല്ലുവിളികളെ ഉപയോഗപ്പെടുത്തുകയാണെന്ന വിമര്‍ശനമുണ്ടാവുമോയെന്ന ആശങ്കയുണ്ടായി. ആദ്യ പരിപാടിക്ക് സല്മാന് പങ്കെടുക്കുമ്പോള്‍ കണ്ണുനിറഞ്ഞിരുന്നതായി സഹോദരന് റഷീദ് പറയുന്നു. എന്നാല്‍, ആദ്യമായി പങ്കെടുക്കുന്നതിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ മികച്ചരീതിയില്‍ ആളുകളെ കൈയിലെടുത്തത് അത്ഭുതപ്പെടുത്തി.
നിര്‍ബന്ധിച്ച് ഒരിക്കലും സല്‍മാനെ പരിപാടിക്ക് പറഞ്ഞയക്കാറില്ലെന്ന് സഹോദരന് പറയുന്നു. അവന് താല്പര്യമുള്ളതുകൊണ്ടാണ് പങ്കെടുപ്പിക്കുന്നത്. ഉദ്ഘാടനം ഏല്‍ക്കുമ്പോള്‍തന്നെ സംഘാടകരോട് സല്‍മാനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയും. അവനെ നിര്‍ബന്ധിച്ച് ചെയ്യിക്കില്ലെന്ന് ഉറപ്പുവരുത്തും.
ഡ്രസിന്റെ കാര്യത്തില്‍ സല്മാന് പ്രത്യേക ശ്രദ്ധയുണ്ട്. ഓരോ പരിപാടിയിലും പ്രത്യേകതയുള്ള ടീഷര്‍ട്ടുകളാണ് ധരിക്കുക. ഡ്രസുകള്‍ എത്രകിട്ടിയാലും സന്തോഷമാണ്. വ്യത്യസ്തമായത് കണ്ടുപിടിച്ച് വാങ്ങിക്കും. ലേറ്റസ്റ്റ് മോഡല്‍ ഷൂ, ചെരിപ്പ്, വാച്ച് ഇവയെല്ലാം സല്‍മാന്റെ കൈവശമുണ്ട്. ചെറുപ്പംമുതലേ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നു. ഫുട്ബാൾ താരങ്ങളായ ഐ.എം. വിജയന്, ആസിഫ് സഹീര്‍, റാഫി, എം.എൽ.എമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായെല്ലാം സൗഹൃദമുണ്ട്.12 വര്‍ഷം മുമ്പാണ് ഉപ്പ മുഹമ്മദ് കുട്ടി മരിച്ചത്. ദുബൈയില്‍ പോകുന്നതിനു മുമ്പ് ഉപ്പയുടെ ഖബർസ്ഥാനില്‍ പ്രാർഥനക്കായി സല്‍മാനെയുംകൊണ്ട് സഹോദരങ്ങള്‍ പോയിരുന്നു. ഖബറിടത്തില്‍ സങ്കടം അടക്കിവെക്കാനാവാതെ വിങ്ങിപ്പൊട്ടി. സൗഭാഗ്യങ്ങള്‍ കൈവരുമ്പോള്‍ ഉപ്പ കൂടെയില്ലെന്ന സങ്കടമായിരുന്നു മനസ്സില്‍. ചെറുപ്പത്തില്‍ സല്‍മാനെയുംകൊണ്ട് എല്ലായിടങ്ങളിലും പോയിരുന്നത് ഉപ്പയായിരുന്നു. ശാഠ്യങ്ങളും വാശിയുമെല്ലാമുള്ള കുട്ടിക്ക് ഉപ്പയുടെ കരുതലും സ്നേഹവും വലിയ ബലമായിരുന്നു.വീട്ടില്‍ അടച്ചിടാതെ ചെറുപ്പംമുതലേ എല്ലായിടങ്ങളിലും കൊണ്ടുപോകുകയും ആളുകളുമായി ഇടപഴകുകയും ചെയ്തതാണ് മകന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് ഉമ്മ ഫാത്തിമ വിശ്വസിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.