ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയതെന്നും എം ബി രാജേഷ് ചോദിച്ചു. ഭഗത് സിംങ്ങിനോട് കാലങ്ങളായി ബിജെപിയും ആര്‍എസ്എസും ചെയ്യുന്ന അനാദരവിനെ വസ്തുതകള്‍ നിരത്തി സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടുകയാണ് എംബി രാജേഷ്.
2017 മാര്‍ച്ച് 23 ന് ഭഗത് സിംഗ് രക്തസാക്ഷിദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഞാനൊരു ആവശ്യമുയര്‍ത്തിയിരുന്നു. ചണ്ഡീഗഡ് വിമാനത്താവളത്തിന് അനശ്വര രക്തസാക്ഷിയായ ഭഗത് സിംഗിന്റെ പേര് നല്‍കണമെന്ന ആവശ്യത്തെ ബിജെപി അംഗങ്ങള്‍ മാത്രമാണ് അന്ന് നിരാകരിച്ചത്.
ഒട്ടും അര്‍ഹനല്ലാത്ത, സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ഒരാളുടെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഭഗത് സിങ്ങിന്റെ പേരാണ് കൊടുക്കേണ്ടതെന്ന ആവശ്യം ഞാന്‍ ഉന്നയിച്ചത്. ആ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അന്ന് ചെവിക്കൊണ്ടില്ല. എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോഴും ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നല്‍കിയതായി എന്റെ അറിവിലില്ല. ഭഗത് സിംഗിനോട് പെട്ടെന്നിപ്പോള്‍ ഒരു സ്‌നേഹം ഉദിച്ചിരിക്കയാണല്ലോ. എന്തായാലും ഭഗത് സിംഗിന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന നാല് വര്‍ഷം പഴക്കമുള്ള എന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റുമോ? ഭഗത് സിംഗിനോടുള്ള ആദരവ് എത്രത്തോളമുണ്ടെന്ന് കാണട്ടെയെന്നും സ്പീക്കര്‍ കുറിച്ചു.
ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച വ്യാജപരാതി നല്‍കിയിരുന്നു. എന്നാല്‍ വാരിയംകുന്നന്റെയും ഭഗത് സിംഗിന്റെയും മരണത്തില്‍ സമാനതകള്‍ ഏറെയുണ്ടെന്നും ആ സമാനതകളാണ് താന്‍ താരതമ്യം ചെയ്തതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.