കൂളിമാട് : എരഞ്ഞിപറമ്പ് കുടിവെളള പദ്ധതിയുടെ വാട്ടർ ടാങ്ക് തകർന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് എരഞ്ഞിപറമ്പ് പ്രദേശത്തെ 120 ഓളം വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ 50,000 ലിറ്റർ സംഭരണശേഷിയുള്ള കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ച ടാങ്കിന്‍റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളിയാണ് പൂര്‍ണമായും തകര്‍ന്ന് വീണത്. പുലർച്ചെ ഒരുമണിയോടെ ടാങ്ക് തകർന്നത്.
ടാങ്കിൽ നിന്നുള്ള വെള്ളം കുതിച്ചെത്തിയതോടെ വാട്ടർ ടാങ്കിൻ്റെ പിൻവശത്തു താമസിക്കുന്ന സെയ്ത് മുഹമ്മദിൻ്റെ വീടിനോട് ചേർന്നുള്ള മൺ തിട്ടയും തകർന്നു. മാത്രമല്ല വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. തകർന്ന ടാങ്കിന് 30 വർഷത്തോളം പഴക്കമുണ്ട്.
അതെ സമയം വാട്ടർ അതോറിറ്റിക്ക് 20 ലക്ഷത്തിൽപരം രൂപ കുടിശ്ശിക വന്നതോടെ എരഞ്ഞിപ്പറമ്പ് ഉൾപ്പെടെ കുടിവെള്ളമെത്തിച്ചിരുന്ന എൻ സി പി സി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട് വർഷങ്ങളായി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തുകാരുടെ പിന്നീടുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതി. പദ്ധതിയുടെ വാട്ടർ ടാങ്ക് തകർന്നതോടെ ആശങ്കയിലാണ് നാട്ടുകാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










