തിരുവനന്തപുരം: എല്ലാവര്‍ഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നിരക്കുവര്‍ധനയില്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നും ജനങ്ങള്‍ ഇതിനായി തയാറാകണമെന്നും മന്ത്രി. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ടുപോകുക മാത്രമേ നിര്‍വാഹമുള്ളൂ.
വരവുചിലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ബോര്‍ഡ് നഷ്ടത്തിലായാല്‍ അത് കടമെടുപ്പിനെ ബാധിക്കും. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചെലവുകള്‍ കമ്മിയാക്കാൻ പുനഃക്രമീകരണങ്ങള് നടക്കുന്നുണ്ടെന്നും അത്ര വലിയ ചാര്‍ജ് വര്‍ധനയില്ലെന്നും മറ്റെല്ലാ സാധനങ്ങളുടെയും വില വര്ധിച്ചല്ലോയെന്നും അതുകൊണ്ടു വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 മുതല്‍ 30 പൈസ വരെയാണ് വര്‍ധന. ഇതിനു പുറമേ പ്രതിമാസം നല്‍കേണ്ട ഫിക്സഡ് ചാര്‍ജും കുത്തനെ കൂട്ടി. ഫിക്സഡ് ചാര്‍ജ് ഇനത്തില്‍ അഞ്ചു രൂപ മുതല്‍ 20 രൂപ വരെയുള്ള വര്‍ധനയാണ് വരുത്തിയത്. ഈ മാസം ഒന്നുമുതല്‍ നിരക്കു വര്‍ധനയ്ക്കു പ്രാബല്യമുണ്ട്.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കു വര്‍ധനയില്ല. ഇവര്‍ക്ക് യൂണിറ്റൊന്നിന് 1.50 രൂപ എന്ന നിരക്കിലുള്ള തുക നല്കിയാല് മതി. നിരക്കു വര്‍ധനയിലൂടെ കെഎസ്ഇബിക്ക് ഒരു വര്‍ഷം 1044 കോടി രൂപയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്രതിമാസം 150 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 122 രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക. നിലവില്‍ പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 605 രൂപയാണ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ പുതിയ വര്‍ധനയോടെ ഇത് 728 രൂപയോളമാകും. അതായത്, രണ്ടു മാസം കൂടുമ്പോൾ വരുന്ന ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജിന് മാത്രം 244 രൂപയുടെ വര്‍ധനയുണ്ടാകും. ഇതിനു പുറമെ രണ്ടു മാസത്തെ ഫിക്സഡ് ചാര്‍ജായ 170 രൂപയും നിലവില്‍ ഈടാക്കുന്ന സര്‍ചാര്‍ജും നല്‍കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









