വടകര: കൊട്ടിഘോഷിച്ച് ഉദ്ഘാടനം കെങ്കേമമാക്കിയ വടകര അമൃത് സ്റ്റേഷനില്‍ വെള്ളമില്ലാതെ യാത്രക്കാർ ദുരിതത്തില്‍.
രണ്ടുദിവസമായി ഒന്നാം പ്ലാറ്റ്ഫോമില്‍ വെള്ളം നിലച്ചിട്ട്. ഇതോടെ ഈ ഭാഗത്തെ ശൗചാലയം അടച്ചുപൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള വെള്ളവും നിലച്ചതോടെ റെയില്‍വേ സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലായി. കഴിഞ്ഞ രണ്ടുദിവസമായി കുടിവെള്ളവും ലഭ്യമല്ല. കുടിവെള്ള കിയോസ്കുകളിലും വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്.
റെയില്‍വേ സ്റ്റേഷനിലെ ശുചീകരണമുള്‍പ്പെടെ നിലവില്‍ പ്രതിസന്ധിയിലാണ്. യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിലും വെള്ളമില്ലാതായതോടെ ദീർഘദൂര യാത്രക്കാർ ഉള്‍പ്പെടെ ദുരിതത്തിലാണ്. സ്റ്റേഷനില്‍ വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിലെ തകരാറാണ് വെള്ളം മുടങ്ങിയതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. രണ്ടു ദിവസമായിട്ടും പൈപ്പ് ലൈനിലെ തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അമൃത് ഭാരത് പദ്ധതിയില്‍ കോടികള്‍ മുടക്കിയാണ് വടകര റെയില്‍വേ സ്റ്റേഷൻ നവീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










