ചില ആളുകൾക്ക് ദീർഘകാലമായി വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകാറുണ്ട്. വിദഗ്ധ ഡോക്ടർമാരെ കാണിച്ചു വ്യത്യസ്ത തരത്തിലുള്ള പരിശോധനകളും ടെസ്റ്റുകളും ചികിത്സകളും ഒക്കെ ചെയ്തിട്ടും ക്ഷീണം മാറാതെ തുടരുന്നു. ക്ഷീണം നിത്യജീവിതത്തിലെ പ്രവൃത്തികളെ ബാധിക്കുകയും ചെയ്യുന്നു. ജോലി ചെയ്യാനോ സാമൂഹിക ബന്ധങ്ങളിൽ ഊർജസ്വലമായി സഹകരിക്കാനോ കഴിയാതെ ഇക്കൂട്ടർ നിരാശരായി മാറും. ഗുരുതരമായ ഒരു മാറാവ്യാധി തങ്ങളെ പിടികൂടി എന്ന് ഇവർ ആശങ്കപ്പെടുന്നു.സമൂഹത്തിലെ ഒരു ശതമാനത്തോളം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ അവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു.
ലക്ഷണങ്ങൾ
വിട്ടുമാറാത്ത ക്ഷീണം ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, മറവി തൊണ്ടവേദനയും ഇടയ്ക്കിടെ തൊണ്ടയ്ക്ക് അസ്വസ്ഥതയും ആവർത്തിച്ചുവരുന്ന തലവേദന കഴുത്തിലെ ഭാഗത്തും കക്ഷത്തിലും കഴല വീക്കം അകാരണമായ പേശി വേദനയും സന്ധിവേദനയും കിടക്കയിൽ നിന്ന് എണീക്കുമ്പോഴോ കസേരയിൽ നിന്ന് എണീക്കുമ്പോഴോ തലച്ചുറ്റൽ അനുഭവപ്പെടുക അസ്വസ്ഥമായ ഉറക്കം. പലപ്പോഴും രാവിലെ ഉണരുമ്പോൾ ഉറക്കം തൃപ്തികരമായില്ല എന്നു തോന്നൽ ചെറിയ തോതിൽ ആയാസകരമായ കാര്യങ്ങൾ ചെയ്താൽ പോലും കഠിനമായ ക്ഷീണം. പലപ്പോഴും വായന, കണക്കുകൂട്ടൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വലിയ ക്ഷീണം അനുഭവപ്പെടുന്നു. മേൽപറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി ആറു മാസമെങ്കിലും നീണ്ടുനിൽക്കുകയും ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്താൽ ഈ അവസ്ഥ ഉണ്ടെന്ന് സംശയിക്കാം.
പരിഹാരങ്ങൾ നോക്കാം
മരുന്നുകളും ചില മനഃശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളും വഴി ഈ അവസ്ഥയുടെ ലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കും. മസ്തിഷ്കത്തിലെ ചില രാസ വ്യതിയാനങ്ങളെ തിരുത്താൻ സഹായിക്കുന്ന വിഷാദ വിരുദ്ധ ഔഷധങ്ങൾ ഈ അവസ്ഥയ്ക്ക് വളരെ പ്രയോജനപ്രദമാണ്. ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും, ഉറക്കം ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ചില വ്യക്തികളിൽ ഏറെ പ്രയോജനം ചെയ്യാറുണ്ട്. ചിലർക്ക് തലച്ചുറ്റൽ പ്രധാന ലക്ഷണമായതുകൊണ്ട് അതു നിയന്ത്രിക്കാൻ ആവശ്യമായ ചികിത്സയും നൽകേണ്ടി വരാം. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ക്രമീകരിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങളും ഇവർക്ക് പ്രയോജനപ്പെട്ടേക്കാം. ശരീരഭാഗങ്ങളിലെ വേദന ചില വ്യക്തികളിൽ എങ്കിലും അസഹനീയം ആകുമ്പോൾ തലച്ചോറിലെ രാസ വ്യതിയാനങ്ങൾ പരിഹരിച്ചു വേദന കുറയ്ക്കാൻ സഹായിക്കുന്ന ‘കേന്ദ്രീകൃത വേദനസംഹാരികൾ’വേദന ഇല്ലാതാക്കാൻ ഏറെ പ്രയോജനം ചെയ്യാറുണ്ട്. മാനസികസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന റിലാക്സേഷൻ വ്യായാമങ്ങൾ വളരെയധികം ഉപകാരപ്പെടുന്നുണ്ട്. ഉച്ചയ്ക്കുശേഷം കാപ്പിയും ചായയും ഒഴിവാക്കുകയും ഒറ്റയ്ക്ക് ഇരിക്കാതെ കഴിയുന്നതും നമുക്ക് സന്തോഷം നൽകുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതും രോഗലക്ഷണങ്ങൾ നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









