കിഴക്കമ്പലം: സമരത്തിനിടെ മർദനമേറ്റ് ട്വന്റി20 പ്രവർത്തകൻ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് വാർഡ് അംഗങ്ങളും രംഗത്തെത്തി. അതേസമയം എംഎൽഎയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
ആക്രമണ വിവരം അറിഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായി ട്വന്റി20 അഞ്ചാം വാർഡ് അംഗം നിഷ പറഞ്ഞു. ദീപുവിന്റെ വിളി കേട്ട് അവിടെ ചെന്നപ്പോൾ വാർഡിലെ നാല് സി.പി.എം പ്രവർത്തകർ ദീപുവിനെ ചുമരിനോട് ചേർത്ത് പിടിച്ച് നിൽക്കുന്നത് കണ്ടു. ചോദിച്ചപ്പോൾ ‘ഞങ്ങളാ ടീ തല്ലിയത്, ഞങ്ങള് സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്’ എന്ന് ആക്രോശിച്ചു. അഞ്ചുമണിക്ക് ശേഷം വാർഡിലേക്ക് ഇറങ്ങിയാൽ കാൽ മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി, അപ്പോഴേക്കും എംഎൽഎ അവിടെയെത്തി. എന്തിനാണ് എംഎൽഎ അവിടെയെത്തിയത്? അക്രമത്തിൽ പങ്കില്ലെങ്കിൽ എം.എൽ.എ എന്തിനാണ് അന്ന് അവിടെയുണ്ടായിരുന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിലെ തെരുവുവിളക്കുകൾ മെച്ചപ്പെടുത്താനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതി പൊളിച്ചുമാറ്റാൻ കുന്നത്തുനാട് എം.എൽ.എ.യുടെ ശ്രമത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിക്കുന്നതിനിടെ ദീപുവിന് മർദനമേറ്റു. ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. ദീപുവിന്റെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. മരണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ട്വന്റി 20 ആരോപിക്കുന്നു. സംഭവത്തിൽ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകരായ സൈനുദ്ദീൻ സലാം, അബ്ദുൾ റഹ്മാൻ, ബഷീർ, അസീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.