കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട് ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായിരിക്കുകയില്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാല റഡാര്‍ ഗവേഷണ കേന്ദ്രം (കുസാറ്റ്) അറിയിച്ചു.
മൂന്നു ദിവസം കൂടി ഭേദപ്പെട്ട മഴതുടരും. ന്യൂനമര്‍ദം നാളെ ആന്ധ്രാ തീരത്ത് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 14 ന് വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപമെടുക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ ഇതിന്റെ ശക്തി എത്രമാത്രമെന്ന് ഇപ്പോള്‍ വിലയിരുത്താനാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തുലാവര്‍ഷം ഇക്കുറി ഒക്ടോബര്‍ മൂന്നാംവാരത്തോടെ കേരളത്തിലെത്തുമെന്ന് കുസാറ്റ് കാലാവസ്ഥാ ഗവേഷകര്‍ സൂചിപ്പിച്ചു. 18നും 24നും ഇടയില്‍ തുലാവര്‍ഷമെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ശക്തമായ തുലാവര്‍ഷത്തിനു സാധ്യതയില്ല.
പോയവര്‍ഷം അറബിക്കടലില്‍ അപ്രതീക്ഷിതമായുണ്ടായ ന്യൂനമര്‍ദങ്ങളാണ് തുലാവര്‍ഷത്തെ ശക്തമാക്കിയത്. ഇക്കുറി അതിനുള്ള സാധ്യത വിരളമാണെന്നാണു വിലയിരുത്തല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.