വിശ്വാസികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മാസമാണ് റമദാൻ. നോമ്പ്, ഖുർആൻ പാരായണം, ദാനധർമ്മങ്ങൾ വർധിപ്പിക്കൽ, രാത്രി പ്രാർത്ഥനകൾ, നമസ്കാരങ്ങള്‍ വർധിപ്പിക്കൽ തുടങ്ങി എല്ലാ നല്ല കാര്യങ്ങളും ശീലമാക്കേണ്ട സമയമാണിത്.
നോമ്പ് നിർബന്ധമാക്കുന്ന സൂക്തങ്ങളിൽ ഖുർആൻ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷ്മാലുക്കളും (തഖ്വ) ഭക്തിയുള്ളവരുമാവുകയാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യം. നോമ്പ് എങ്ങനെയാണ് ഭക്തി വർദ്ധിപ്പിക്കുന്നത്? നോമ്പ് നമുക്ക് ഒരു ഭാരമാകരുത്. അതൊരു ശല്യമായി തോന്നരുത്. റമദാൻ നമുക്ക് സന്തോഷകരമായിരിക്കണം. ഇത് എങ്ങനെ സാധിക്കും?
അല്ലാഹു പലതും കൽപിച്ചിട്ടുണ്ട്. പലതും നിരോധിച്ചിട്ടുണ്ട്. കൽപ്പിക്കപ്പെട്ടത് ചെയ്തും നിഷിദ്ധമായതിൽ നിന്ന് ഒഴിഞ്ഞും ജീവിച്ചാൽ അത് തഖ്‌വയാകും. വിശപ്പും ദാഹവും ഉണ്ടായിട്ടും ലഭ്യമായ ഭക്ഷണത്തിൽ നിന്ന് പിന്തിരിയുന്ന മനസ്സിന്റെ സൂക്ഷ്മതയും ഭക്തിയുമാണ് തഖ്‌വ. അല്ലാഹുവിന്റെ കൽപ്പന ശിരസ്സാവഹിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.
സമർപ്പണത്തിന്റെയും ക്ഷമയുടെയും മാസമാണ് റമദാൻ. നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയാത്തപ്പോൾ പോലും സഹനമവലംബിക്കാനാകുമ്ബോഴാണ് ക്ഷമ അർത്ഥപൂർണ്ണമാകുന്നത്. നമുക്ക് വിശക്കുമ്പോഴും ദാഹിക്കുമ്പോഴും ആരെങ്കിലും നമ്മെ പ്രകോപിപ്പിക്കുമ്പോഴും അത് നോമ്പുകാരനാണെന്ന തിരിച്ചറിവ് ഉള്ളതിനാൽ നാം ക്ഷമിക്കുന്നു. ഇങ്ങനെ ജീവിതം രൂപാന്തരപ്പെടുമ്പോഴാണ് റമദാൻ അർത്ഥപൂർണമാകുന്നത്.
ഒരു വ്യക്തി മോശം വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അവൻ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചുവെന്നല്ലാതെ അല്ലാഹുവിന് അതുകൊണ്ട് ഒരു ആവശ്യമില്ലെന്ന് പ്രവാചകൻ പഠിപ്പിച്ചു. വ്രതാനുഷ്ഠാനം പുണ്യവും നന്മയും നിറഞ്ഞതാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണം. അല്ലാഹു മനുഷ്യനോട് നോമ്ബ് നിര്‍ബന്ധമാക്കി ക്രൂരത കാണിക്കുകയാണെന്ന് പറയുന്നവരുണ്ട്. രോഗികളും യാത്രക്കാരും നോമ്പെടുക്കേണ്ടതില്ലെന്നും പിന്നീട് നോറ്റുവീട്ടിയാല്‍ മതിയെന്നുമുള്ള ഇസ്ലാമിക ശാസനകൾ നോമ്പ് ആർക്കും ബുദ്ധിമുട്ടാകാതിരിക്കാനാണ്. അള്ളാഹു ഇഷ്ടപ്പെടുന്നത് പ്രയാസങ്ങളെയല്ല, എുപ്പമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. മതം മനുഷ്യന് ഒരു ഭാരമല്ല, അത് വളരെ പ്രയോജനകരമാണ്.
റമദാനിന്റെ മാറ്റം നമ്മുടെ വീടുകളിൽ ദൃശ്യമാകേണ്ടതുണ്ട്. ആരാധനകളെക്കുറിച്ചും മതത്തിന്റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ചും കുടുംബത്തിലെ ഓരോ അംഗവും ബോധവാന്മാരായിരിക്കണം. നോമ്പുകാരന്റെ നോമ്പ് തുറപ്പിക്കുക എന്നത് നോമ്പുകാരനെപ്പോലെ പ്രതിഫലം ലഭിക്കുന്നതാണ്. സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന മഹത്തായ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതിനായി സഹോദര സമുദായത്തിലെ നോമ്പെടുക്കാത്തവരെ നോമ്പ് തുറക്കാൻ വിളിക്കുന്നത് ഏറെ ഗുണകരമാണ്. ഇഫ്താർ സംഗമങ്ങൾ ആരാധനയുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നത് നല്ലതല്ല. ആഡംബരവും ധൂര്‍ത്തും നിറഞ്ഞ ഇഫ്താർ സമ്മേളനങ്ങൾ വിശ്വാസികൾക്ക് അനാസ്ഥയല്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.