കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയില്‍ ഇസ്‍ലാം മത വിശ്വാസികള്‍ ഇന്നു നബിദിനം ആഘോഷിക്കുന്നു.
പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും.
ആരാധാനാലയങ്ങള്‍, മദ്രസകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതാലങ്കാരം, നടത്തിയും, കൊടിതോരണങ്ങളും ഒരുക്കിയുമാണ് നബിദിനം വിശ്വാസികള്‍ വർണാഭമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിനത്തോട് അനുബന്ധിച്ച് റാലികളും, വിവിധ പരിപാടികളും നടന്നു.
പതിവു പ്രാർഥനകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും പുറമേ പ്രത്യേക പ്രാർഥനാ സദസ്സുകളും സംഗമങ്ങളും ഈ വർഷം നടത്തുന്നുണ്ട്. മീലാദ് റാലി, മൗലീദ് പാരായണം, ഘോഷയാത്ര, കലാപരിപാടികള്‍, അന്നദാനം തുടങ്ങിയവയും നടക്കും. സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന പ്രവാചക ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തില്‍ പറഞ്ഞു.
സമസ്ത ഇ.കെ.വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ മൂന്നു മാസം നീളുന്ന മീലാദ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവസന്തം 1500 എന്ന പേരില്‍ പ്രത്യേക ക്യാംപെയ്നുണ്ട്. 13ന് രാജ്യാന്തര മീലാദ് സമ്മേളനവും കോഴിക്കോട് നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










