ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കച്ചവടത്തിനും എതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബര്‍ 7ന് നടന്ന സമ്മേളനമാണ് ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം (കറുപ്പ് ) യുദ്ധത്തിന്റെ ഓര്‍മയിലാണ് ഈ ദിവസം തെരഞ്ഞെടുത്തത്.
മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുകയെന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ലഹരിയെന്ന വന്‍ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഓരോ ലഹരി വിരുദ്ധ ദിനവും കടന്ന് പോകുന്നത്.
മനുഷ്യനും ലഹരിയുമെന്നത് സങ്കീര്‍ണമായ വിഷയമാണ്. ഉന്മാദത്തിന് വേണ്ടിയോ, പ്രശ്നങ്ങളില്‍ നിന്ന് താത്കാലികമായി രക്ഷപ്പെടാനോ, അല്ലെങ്കില്‍ കൗതുകത്തിന് വേണ്ടിയോ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്ന മനുഷ്യന് എത്തിചേരുന്നത് കടുത്ത മാനസിക, ശാരിരിക, സാമൂഹിക പ്രശ്നങ്ങളിലേക്കാണ്.
ലോകത്താകമാനം പന്തലിച്ച് നില്ക്കുന്ന മാഫിയയാണ് മയക്കുമരുന്നിന്റേത്. ഉള്‍കടലുകളില്‍ നിന്ന്, വിമാനത്താവളങ്ങളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടത്തുന്ന മയക്കുമരുന്നിന്റെ കൃത്യമായ കണക്കുകള്‍ ഇന്നും പുറം ലോകത്തിന് ലഭ്യമല്ലയെന്നതാണ് ഞെട്ടിക്കുന്ന സത്യം. അത്രത്തോളം ഭീകരമാണ് ലഹരിയുടെ ബഹുപ്രപഞ്ചം.
നമ്മുടെ രാജ്യത്തും ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ഭാവിയായ യുവതയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടുതലായി കാണപ്പെടുന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. ഓരോ ദിവസവും രാജ്യത്ത് മയക്കുമരുന്ന് കടത്തും, ലഹരിയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും കൂടിവരുകയാണ്. രാജ്യത്ത് ഒരു നടന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കൊക്കയിന്, എൽ എസ് ഡി, ഹെറോയിന്‍, മെത്താഫിറ്റമിന്‍ പോലുളള മാരക മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം കണ്ടെത്തിയ റിപ്പോട്ടുകള്‍ പുറത്ത് വന്നിരുന്നു.
ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാര്‍ഗം ബോധവല്‍ക്കരണമാണ്. മയക്കുമരുന്നിനെതിരെ കടുത്ത നിയമങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് മയക്കുമരുന്നിനെ തടയാനുളള ശാശ്വതമായ വഴി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.