മാനന്തവാടി: മധ്യവേനൽ അവധിക്കാലത്ത് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. കേരളത്തിന് പുറത്ത് നിന്ന് നിരവധി സന്ദർശകരാണ് ദിവസവും കുറുവ സന്ദർശിക്കുന്നത്.
നിയന്ത്രണങ്ങൾ കാരണം, എല്ലാ വിനോദസഞ്ചാരികൾക്കും ദ്വീപിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത സാഹചര്യമാണുള്ളത്. പുൽപള്ളി പഞ്ചായത്തിലെ പാക്കം ചെറിയമല വഴിയും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി പാൽവെളിച്ചം വഴിയും കുറുവാ ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
പാൽവെളിച്ചം ഭാഗത്ത് കുറുവ ഡെസ്റ്റിനേഷന് മാനേജ്മെന്റ് കമ്മിറ്റിയും ചെറിയമല ഭാഗത്ത് വനസംരക്ഷണ സമിതിയുമാണ് ടൂറിസം നിയന്ത്രിക്കുന്നത്. ഏപ്രിലിൽ മാത്രം 29,67,533 രൂപയാണ് കുറുവയിലെ ടിക്കറ്റ് വിറ്റുവരവ്. മെയ് പകുതി വരെ പ്രവേശന ഫീസ് ഇനത്തിൽ 17,91,606 രൂപ ലഭിച്ചു.
പാൽവെളിച്ചം, പാക്കം ചെറിയമല വഴിയും ഓരോ ദിവസവും 575 പേർക്ക് ദ്വീപിൽ പ്രവേശിക്കാം. ഇരുവശത്തുനിന്നും ദ്വീപിലേക്ക് ചങ്ങാട സർവീസ് ഉണ്ട്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ കബനി നദിക്കുള്ളിൽ 62 ദ്വീപുകൾ അടങ്ങുന്നതാണ് കുറുവ ദ്വീപസമൂഹം.
തുരുത്തുകളുടെ ആകെ വിസ്തീർണ്ണം 1.47 ചതുരശ്ര കിലോമീറ്ററാണ്. തുരുത്തുകളിലൊന്നില്‍ 20 ഹെക്‌ടറിലാണ് വിനോദ സഞ്ചാരം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് 2019 മാര്‍ച്ച് 22ന് ദ്വീപില്‍ വിനോദസഞ്ചാരം വിലക്കിയിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹരജിയില്‍ ഉപാധികളോടെ കോടതി അനുവദിച്ചതിനെത്തുര്‍ന്നു 2021 ഒകേ്‌ടാബര്‍ രണ്ടിനാണ് സഞ്ചാരി പ്രവേശനം പുനഃരാരംഭിച്ചത്. ദ്വീപില്‍ പ്രവേശനത്തിന് രാവിലെ 9.30 മുതലാണ് ടിക്കറ്റ് വിതരണം. രാവിലെ ഏഴു മുതല്‍ വരി നിന്നാണ് ആളുകള്‍ ടിക്കറ്റ് എടുക്കുന്നത്.
ഒരു മണിക്കൂറിനകം ടിക്കറ്റ് വിറ്റുതീരുന്ന സ്‌ഥിതിയാണുള്ളത്. ജി.എസ്.ടി ഉള്‍പ്പടെ മുതിര്‍ന്നവര്‍ക്ക് 110 ഉം വിദേശികള്‍ക്ക് 200 ഉം വിദ്യാര്‍ഥികള്‍ക്കു 75 ഉം രൂപയാണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗത്തിനു 59 രൂപ നല്‍കണം. ഡി.ടി.പി.സി കബനിയില്‍ നടത്തുന്ന ചങ്ങാട സവാരിക്ക് 15 മിനുട്ടിന് രണ്ടു പേര്‍ക്ക് 200 ഉം അഞ്ചു പേര്‍ക്ക് 400 ഉം രൂപയാണ് ഫീസ്. അഞ്ചു പേര്‍ക്ക് 45 മിനുട്ടിന് 1,250 രൂപ നല്‍കണം. സഞ്ചാരികളെ ദ്വീപില്‍ എത്തിക്കുന്നതിനു വലിയതടക്കം ഏഴ് ചങ്ങാടങ്ങളാണ് ഡി.ടി.പി.സിക്കുള്ളത്. കുറുവ വിനോദസഞ്ചാര കേന്ദ്രത്തെ ആശ്രയിച്ചാണ് പ്രദേശവാസികളായ നൂറുകണക്കിനാളുകളുടെ ഉപജീവനം. ദ്വീപില്‍ സഞ്ചാരി പ്രവേശനത്തിനു ബാധകമാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്. തദ്ദേശവാസികളായ വന സംരക്ഷണ സമിതി അംഗങ്ങളാണ് വിനോദ സഞ്ചാര കേന്ദ്രത്തിലെ താത്‌കാലിക ജീവനക്കാരില്‍ അധികവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









