ചണ്ഡീഗഡ്: ചരൺജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത് ആണ് പുതിയ മുഖ്യമന്ത്രിയുടെ പേര് ട്വീറ്റ് ചെയ്തത്. പി.സി.സി അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിനെ പിന്തുണക്കുന്ന നേതാവാണ് ചരൺജിത് സിങ്.
കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. മുൻ പി.സി.സി പ്രസിഡൻറ് സുനിൽ ഝാക്കർ, പ്രതാപ്സിങ് ബജ്വ, രവ്നീത്സിങ് ബിട്ടു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ടത്.
പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിൽ നാളുകളായി തുടരുന്ന ഉൾപ്പോരിനൊടുവിലായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം അമരീന്ദർ സിങ് ശനിയാഴ്ച രാജിവെക്കുകയായിരുന്നു.
അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച ശേഷം അമരീന്ദർ സിങ് പ്രതികരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.