തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനുമാണ് മരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി.
സംസ്ഥാനത്ത് ആകെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 19 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഈ വർഷം 66 പേർക്ക് രോഗ ബാധയുണ്ടായെന്നും 17 പേർ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ചൂട് കൂടിയത് രോഗകാരിയായ അമീബയുടെ സാന്നിധ്യം വർധിപ്പിച്ചു. സമാനമായ ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള പരിശോധന നടത്തുന്നത് കൂടുതല്‍ കേസുകള്‍ കണ്ടെത്താൻ സഹായകമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ എന്നീ അമീബകളാണ് പ്രധാനമായും രോഗത്തിനിടയാക്കുന്നത്. വെള്ളത്തിലൂടെ മാത്രം ശരീരത്തിലെത്തുന്ന നേഗ്ലെറിയ ഫൗലേറിയാണ് ഏറ്റവും അപകടകരം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. ഇതൊരു പകർച്ചവ്യാധിയല്ല. അമീബ ശരീരത്തില്‍ പ്രവേശിച്ച് ഒന്നുമുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഛർദി, ഓക്കാനം, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുമ്ബോള്‍ അസഹ്യമായ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളോടെ മെനിഞ്ചൈറ്റിസ് ബാധിച്ചാണ് രോഗികളെല്ലാം ആശുപത്രിയില്‍ എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










