ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആറും 179 ബിഎൻ സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ചുള്ള പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നായിരുന്നു ഓപ്പറേഷൻ.
പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അക്ബർ നജാറിന്റെ മകൻ ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ മിറിന്റെ മകൻ ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.
ഒരു പിസ്റ്റൾ, മാഗസിൻ, 20 ലൈവ് റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട്, സോപോർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










