കോഴിക്കോട്: വനമഹേത്സവത്തിന്റെ സമാപനം ഇന്ന് കോഴിക്കോട് ചാലിയത്ത് നടക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ജൂലായ് ഒന്നുമുതല്‍ തുടങ്ങിയ പരിപാടികളുടെ സമാപനമാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്.
ഈ വർഷത്തെ വനഹോത്സവത്തിന്റെ സമാപന സമ്മേളനവും ചാലിയം നഗരവന പദ്ധതിയിലെ പൂർത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് രാവിലെ 10ന് ഗ്രിഫി ഓഡിറ്റോറിയത്തില്‍ നടക്കുക. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.
സാമൂഹ്യ വനവത്കരണം എന്ന ആശയം എണ്‍പതുകളുടെ തുടക്കത്തില്‍ വന്നതാണെങ്കിലും ജനങ്ങളില്‍ കൂടുതല്‍ സ്വീകാര്യത വരുത്തുന്നതില്‍ വനംവകുപ്പിന്റെ ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. പ്രകൃതി സംരക്ഷണത്തിന് എത്രപറഞ്ഞാലും തീരാത്ത സംഭാവനകള്‍ നല്‍കുന്ന വനപ്രദേശങ്ങളുടെ സംരക്ഷണം ജനങ്ങള്‍കൂടി ഏറ്റെടുക്കണമെങ്കില്‍ അത് അവരുടെകൂടി സ്വന്തമാണെന്ന ധാരണ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് വനംവകുപ്പ് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി വകുപ്പ് വർഷാവർഷം നടത്തി വരുന്ന വനഹോത്സവത്തില്‍ ഈവർഷം വിവിധങ്ങളായ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
നഗരവനം
നഗരങ്ങളില്‍ ചെറുപച്ചത്തുരുത്തുകള്‍ വളർത്തിയെടുക്കുക എന്നതാണ് നഗരവനത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കൃത്രിമ വനങ്ങള്‍ നഗരങ്ങളില്‍ സൃഷ്ടിക്കും. എല്ലാ അർത്ഥത്തിലും വനത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും നഗര വനങ്ങള്‍. 5 സെന്റ് വിസ്തീർണമുളള സ്ഥലം മുതല്‍ ഇതിനായി ഉപയോഗപ്പെടുത്താം. പരമാവധി 2 ലക്ഷംരൂപ വരെ വനംവകുപ്പ് പദ്ധതിക്കായി ചെലവഴിക്കും.
വിദ്യാവനം
വിദ്യാലയങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുളള, അതിസാന്ദ്രതയില്‍ നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങള്‍. വിദ്യാർഥികളില്‍ ജൈവവൈവിദ്ധ്യസംരക്ഷണബോധം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഫോറസ്ട്രി ക്ലബുകളുടെ ഉത്തരവാദിത്വത്തിലായിരിക്കും വിദ്യാവനങ്ങളുടെ പരിചരണവും മേല്‍ നോട്ടവും. സംസ്ഥാനതൊട്ടാകെ 75 വിദ്യാവനം സൃഷ്ടിച്ചിട്ടുണ്ട്.
അങ്ങാടിക്കുരുവികളുടെ സംരക്ഷണം
തിരുവനന്തപുരം ജില്ലയിലെ ചാല കമ്ബോളം, കന്നിമേര മാർക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അങ്ങാടിക്കുരുവികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പത്രപ്രവർത്തക സംഘടനകളുമായി ചേർന്ന് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്നു.
പക്ഷി സംരക്ഷണം
കേരളത്തിലെ പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും ഡിസ്ട്രിക്‌ട് ലെവല്‍ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും തുടർന്ന് 14 ജില്ലകളെയും ഉള്‍പ്പെടുത്തി സംയോജിത കർമ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. എല്ലാം പ്രധാനമാണ്. റോഡുവേണം, പാലംവേണം, മാളുകള്‍ വേണം, എയർപോർട്ടുകളും സൈബർപാർക്കുകളും അത്യാധുനികമായി ശാസ്ത്രം കണ്ടെത്തുന്ന എല്ലാം വേണം. ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരവും ആവാം. പക്ഷെ കാടും തോടും കാട്ടരുവികളും പുഴകളും പച്ചപ്പുമില്ലാതെ എവിടെയാവും നമ്മുടെ നമ്മുടെ ഇടങ്ങളെന്നും മറക്കാതിരിക്കണമെന്ന് വനം മന്ത്രി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.