വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രീ-റൺ ട്രാക്ക് ടെസ്റ്റിംഗ് പൂർത്തിയായി. ഈ മാസം 22ന് ട്രയൽ റൺ നടത്തും. ട്രയലിന് ശേഷമായിരിക്കും വേഗത സംബന്ധിച്ച അന്തിമ തീരുമാനം.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രാക്ക് പരിശോധന നടത്തിയത്. വന്ദേഭാരത് ട്രെയിൻ ഓടുന്ന റൂട്ടിലായിരുന്നു പരിശോധന. കേരളത്തിലെ പാളങ്ങളുടെ വളവുകളും തിരിവുകളും കണക്കിലെടുത്ത് വന്ദേഭാരത് ട്രെയിനിന് എത്ര വേഗതയിൽ ഓടാനാകും എന്നറിയാനാണ് ട്രാക്ക് ടെസ്റ്റ് നടത്തിയത്. തിരുവനന്തപുരം കൊല്ലം റൂട്ടിൽ മണിക്കൂറിൽ 100 കി.മീ. കൊല്ലം-എറണാകുളം റൂട്ടിൽ 90 കിലോമീറ്ററാണ് വേഗത.
എറണാകുളം – തൃശ്ശൂർ റൂട്ടിൽ പരമാവധി വേഗത്തിൽ സർവീസ് നടത്താം. തൃശൂർ- ഷൊർണൂർ റൂട്ടിലാണ് വന്ദേഭാരത് ട്രെയിൻ ഏറ്റവും വേഗതകുറച്ച് സർവീസ് നടത്തുക. 80 കിലോമീറ്റർ ആയിരിക്കും ഈ പാതയിലെ സ്പീഡ്. ഷൊർണൂർ -കണ്ണൂർ റൂട്ടിൽ മണിക്കൂറില് 90 മുതൽ 100 കിലോമീറ്റർ സ്പീഡിലും സർവീസ് നടത്തും. ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിന് ശേഷം ആയിരിക്കും വേഗത്തിൻ്റെ കാര്യത്തിൽ റെയിൽവേ അന്തിമ തീരുമാനമെടുക്കുക. വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിൽ യാത്ര ചെയ്യാൻ 900 രൂപക്ക് അടുത്തായിരിക്കും ചാർജ്. എക്സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയും ആകും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തണമെങ്കിൽ ഒരു ട്രെയിൻ കൂടി ആവശ്യമാണ്. ഇതും ഉടൻ കേരളത്തിൽ എത്തുമെന്നാണ് സതേൺ റെയിൽവേയുടെ പ്രതീക്ഷ.
കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ സാധ്യതയില്ല. ആറുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂർ എത്താൻ ആകും എന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. കൂടുതൽ സ്റ്റോപ്പ് അനുവദിച്ചാൽ സമയം വീണ്ടും കൂടും. കേരളത്തിലെ ട്രാക്കുകളുടെ വളവുകൾ നിവർത്തിയതിനുശേഷം മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താനാകും. കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം അപ്പോൾ പരിഗണിക്കാനാണ് റെയിൽവേയുടെ തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









