മാനന്തവാടി: 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം വില്ലേജ് ഓഫീസറെ പിടികൂടി. മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസ് പിടിയിലായി. തണ്ടപ്പർ സർട്ടിഫിക്കറ്റിനായി എത്തിയ ഒരാളിൽ നിന്ന് ജോസ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പയ്യമ്പള്ളി സ്വദേശിയാണ് വിജിലൻസിൽ പരാതി നൽകിയത്. പയ്യമ്പള്ളി വില്ലേജിലെ ഒണ്ടയങ്ങാടിയിലുള്ള 73 സെന്റ് വയലും 52 സെന്റ് സ്ഥലവും അടങ്ങുന്ന ഒരു വസ്തു രജിസ്റ്റർ ചെയ്യുന്നതിന് തണ്ടപ്പർ സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. പരാതിക്കാരന് പിതാവ് സമ്മാനമായി നൽകിയതായിരുന്നു ഇത്. ജൂലൈ 26 ന് ഇതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും പലതവണ വില്ലേജ് ഓഫീസിൽ പോയിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. വില്ലേജ് ഓഫീസറെ ആവർത്തിച്ച് ബന്ധപ്പെട്ടപ്പോൾ, പിതാവിന്റെ പേരിലുള്ള സ്വത്ത് പാലക്കാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെ പേരിലാണെന്നും തണ്ടപ്പർ സർട്ടിഫിക്കറ്റ് നൽകുന്നത് ബുദ്ധിമുട്ടാണെന്നും അറിയിച്ചു.
സ്ഥലം അളന്നുനോക്കിയതിനുശേഷം സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ വ്യക്തതവരുത്താമെന്നറിയിച്ച വില്ലേജ് ഓഫീസർ ജോസ് തിങ്കളാഴ്ച സ്ഥലത്തെത്തിയിരുന്നു. രാത്രി തന്റെ ഓഫീസ് മുറിയിൽ വിളിപ്പിച്ചശേഷമാണ് ജോസ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിവരംവയനാട് വിജിലൻസ് ഡിവൈഎസ്പിയെ അറിയിച്ചതിനെ തുടർന്നാണ് വിജിലൻസ് സംഘം ചൊവ്വാഴ്ച എത്തിയത്.പരാതിക്കാരന് വിജിലൻസ് സംഘം കൈമാറിയ നോട്ടുകെട്ടുകൾ വാങ്ങി ജോസ് തന്റെ കാറിൽ കയറവേയാണ് ചൊവ്വാഴ്ച വള്ളിയൂർക്കാവിൽവെച്ച് വിജിലൻസ് സംഘം പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










