കോഴിക്കോട്: വി.എസ് എന്ന രണ്ടക്ഷരം കോഴിക്കോട്ടെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് എന്നും തിളങ്ങിനില്‍ക്കുന്ന പേരാവും.
പതിവ് രാഷ്ട്രീയക്കാരനപ്പുറം ജനങ്ങളുടെ ജീവിതമറിഞ്ഞ് പ്രവർത്തിച്ച നേതാവെന്ന ആദരവായിരുന്നു കോഴിക്കോട്ടുകാർക്ക് എന്നും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പാർട്ടി സെക്രട്ടറിയുമൊക്കെയായി കോഴിക്കോട്ടെത്തുമ്ബോള്‍ ഗസ്റ്റ് ഹൗസ് അല്ലെങ്കില്‍ പാർട്ടി ഓഫീസ് അതായിരുന്നു വി.എസിന്റെ ആസ്ഥാനം. തന്നെ തേടിവരുന്നവർക്കെല്ലാം ചെവികൊടുത്ത് അവരുടെ പ്രശ്‌നങ്ങളിലൂടെ സഞ്ചരിച്ച് നടന്ന നേതാവിനെയാണ് കോഴിക്കോടിനും നഷ്ടമായത്. പാർട്ടിയുടെ വിലക്കുകളേറെ ഉണ്ടായിട്ടും നെയ്യാറ്റിൻകരപോലെ ഒരു നിർണായക തിരഞ്ഞെടുപ്പ് ദിവസം തന്നെ വി.എസ്. ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തിയതിന്റെ നടുക്കം ഇപ്പോഴും പാർട്ടി നേതാക്കള്‍ക്ക് മാറിയിട്ടില്ല. നേതൃത്വം ടി.പിയെ കുലംകുത്തിയെന്ന് പലവുരു വിളിച്ചിട്ടും ധീര രക്തസാക്ഷിയെന്ന് വി.എസ് ഉച്ചത്തില്‍ പ്രഖ്യാപിച്ചത് വലിയ കോലാഹലമാണ് രാഷ്ട്രീയ കേരളത്തിലുണ്ടാക്കിയത്. കെ.കെ.രമയെയും അമ്മയെയും ചന്ദ്രശേഖരന്റെ മകനെയും ആശ്വസിപ്പിക്കുന്ന വി.എസിന്റെ ചിത്രം കേരളം ഒരിക്കലും മറക്കില്ല.
പാർട്ടിയേതെന്ന് നോക്കിയിട്ടല്ല വി.എസ് ഒരിടിത്തും ഇടപെട്ടത്. ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ അവിടെ അവരിലൊരാളായി എത്താറുണ്ട് എന്നതാണ് ജനമനസിലെ വി.എസിന്റെ ചിത്രം. അതിന് നാടിന്റേയോ ജില്ലയുടേയോ അതിരുണ്ടായിരുന്നില്ല. കോഴിക്കോട്ടെ സൈബർ പാർക്കും കെ.എസ്.ആർ.ടി.സി ടെർമിനലുമെല്ലാം വി.എസ് എന്ന വികസന നായകന് പൊൻതൂവലാണ്.
2019 ഏപ്രില്‍14ന് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ എ.പ്രിദീപ്കുമാറിനായി വി.എസ് കോഴിക്കോട്ടെത്തിയപ്പോള്‍ ജനം ഇളകിമറിഞ്ഞ കാഴ്ച മറക്കാനാവില്ല. കണ്ണേ കരളേ വിഎസേ……..കോഴിക്കോട് ഇന്നും ഏറ്റുവിളിക്കുന്നുണ്ട്. മാത്തോട്ടത്തായിരുന്നു ആ കണ്‍വെൻഷൻ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










