വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്തണമെന്നാണ് സർക്കാർ കരുതുന്നതെന്നും ഈ ഉദ്യമം വളരെയേറെ പ്രവർത്തനങ്ങളും മികച്ച ആസൂത്രണവും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു വലിയ ജനവാസ മേഖല അപ്രത്യക്ഷമായി. പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ തുടങ്ങിക്കഴിഞ്ഞു. ഈ പുനരധിവാസ പദ്ധതി ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ ദുരന്തമുണ്ടായ പ്രദേശത്തെ വെള്ളാർമല സ്‌കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളാണ് ദുരന്തത്തിൽ പെട്ടത്. പഠനം അവിടെ നിന്നു. ഈ പ്രതിസന്ധിയുടെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്. ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും. അതിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.