ചെന്നൈ ∙ കരൂരിൽ നടന്നത് മനുഷ്യനിർമിത ദുരന്തമാണെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കിയ കോടതി, വിജയ്യെ ശക്തമായി വിമർശിച്ചു. ഇത് ഏതുതരം പാർട്ടിയാണ്? സ്ത്രീകളും കുട്ടികളും മരിച്ചിട്ടും നേതാവ് സ്ഥലം വിട്ടു. അനുയായികളെ ഉപേക്ഷിച്ച വ്യക്തിക്ക് നേതൃത്വഗുണമില്ലെന്നും കോടതി വിമർശിച്ചു. കരൂർ ദുരന്തത്തിൽ നടനും ടിവികെ സ്ഥാപകനുമായ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. അതേസമയം, കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിന്റെ ചുമതല ഉത്തരമേഖലാ ഐജിക്കാണ്.
അതെ സമയം നാമക്കൽ എസ്പിയും അന്വേഷണ സംഘത്തിന്റെ ഭാഗമാവും. സംസ്ഥാന സർക്കാരിനും രൂക്ഷമായ വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് കോടതി ചോദിച്ചത്. തുടർന്ന് രണ്ട് പേരെ അറസ്റ്റു ചെയ്തുവെന്ന സർക്കാർ അഭിഭാഷകന്റെ മറുപടിയോട് രൂക്ഷമായിട്ടാണ് കോടതി പ്രതികരിച്ചത്. ടിവികെയോട് സർക്കാരിന് എന്താണ് ഇത്ര വിധേയത്വം എന്നും കോടതി ചോദിച്ചു. സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










