പാലക്കാട് : കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പൊലീസ് പരിശോധനയിൽ പ്രതികരിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. കളളപ്പണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തിയതെന്നും ഹോട്ടലിലെ സിസിടിവി എത്രയും പെട്ടെന്ന് പരിശോധിക്കണമെന്ന് ഇ.എൻ സുരേഷ് ബാബു ആവശ്യപ്പെട്ടു. പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽമുറികളിലടക്കമാണ് അർധരാത്രിയെത്തിയ പൊലീസ് പരിശോധന നടത്തിയത്. വനിതാ പൊലീസ് പോലുമില്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചു. നേതാക്കൾ പ്രതിഷേധിച്ചതോടെ പുലരും വരെ സംഘർഷമുണ്ടായി.
അതെ സമയം കള്ളപ്പണം പിടിക്കാൻ വരുമ്പോൾ ഷാഫി പറമ്പിലിനെന്താണ് പ്രശ്നം? ഒരു ട്രോളി ബാഗ് ഉണ്ടായിരുന്നു. ആ ട്രോളി ബാഗ് എവിടെയെന്ന് പരിശോധിക്കണം. 40 മുറികളിൽ 12 മുറികളിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ കഴിഞ്ഞത്. ബാക്കി മുറികളിൽ പരിശോധന നടത്താൻ യുഡിഎഫ് സമ്മതിച്ചില്ല. മുറികൾ പരിശോധിക്കുന്നതിന് കോൺഗ്രസ് നേതാക്കൾ എന്തിനാണ് തടസം നിന്നത്? കള്ളപ്പണം പിടിക്കാൻ വരുമ്പോൾ ഷാഫിക്കെന്താ പ്രശ്നം? ഷാനിമോൾ ഉസ്മാന്റെ മുറി പരിശോധിക്കുമ്പോഴല്ല പ്രശ്നമുണ്ടായത്. പണം സുരക്ഷിതമാണെന്നറിഞ്ഞിട്ടാണോ ഷാഫിയും വി കെ ശ്രീകണ്ഠനും തിരികെ വന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.