വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി(37)യാണ് അറസ്റ്റിലായത്. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ട് പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
നിരവധി വിവാഹ തട്ടിപ്പ് കേസുകളിൽ ഇവർ പ്രതിയാണെന്നു പോലീസ് പറഞ്ഞു. കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട യുവതി മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമാണു പറഞ്ഞത്. ഫോണിൽ സൗഹൃദം തുടർന്ന ഇവർ സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് അറിയിച്ചു.
തുടർന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി. ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് തയ്യാറായി എത്തിയെങ്കിലും യുവതി എത്തിയില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപ്പള്ളിയാലിൽ സരിൻകുമാർ (38) നേരത്തെ അറസ്റ്റിലായിരുന്നു.
ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ് തട്ടിപ്പ്. എറണാകുളത്ത് നിന്നാണ് ശാലിനിയെ അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം കണ്ണൂർ സ്വദേശിയായ മറ്റൊരാളും ഉണ്ടായിരുന്നു. ഇയാളിൽ നിന്നും സമാന സംഭവത്തിൽ 5 ലക്ഷം തട്ടിയതായി പൊലീസ് പറഞ്ഞു. എസ്ഐ കെ. മണികണ്ഠൻ, സീനിയർ സിപിഒ ജോബി ജേക്കബ്, അനിൽകുമാർ, വനിത സിപിഒ എസ്.ലതിക, പി.എസ്.അനിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









