കോഴിക്കോട്: കാടിറങ്ങിയ വന്യമൃഗങ്ങള്‍ കൃഷിയിടം കൈയടക്കിയതോടെ ജില്ലയിലെ കർഷകർക്കുണ്ടായത് 70,05500 രൂപയുടെ കൃഷിനാശം.
54.56 ഹെക്ടർ ഭൂമിയിലെ കാർഷിക വിളകളാണ് 2023 ഏപ്രില്‍ മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ വന്യമൃഗങ്ങള്‍ ഇല്ലാതാക്കിയത്. വാഴ, ചേമ്ബ്, ചേന, മരച്ചീനി, തെങ്ങ്, കവുങ്ങ്, ജാതി, കൊക്കോ, റബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കുരങ്ങൻ, കാട്ടാന, കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയ ജീവികളുടെ ശല്യമാണ് രൂക്ഷം. വേനല്‍ കടുത്തതോടെ ശല്യം കൂടിയതായി കർഷകർ പറയുന്നു. വാഴകൃഷി നശിപ്പിക്കുന്നതില്‍ പ്രധാനി കുരങ്ങനാണ്. കാട്ടുപന്നികളാവട്ടെ കൂട്ടമായെത്തി കാർഷികവിളകള്‍ ഇളക്കിമറിച്ചിടുകയാണ്.
മലയോര മേഖലകളായ മുക്കം, തിരുവമ്ബാടി, കൂടരഞ്ഞി, വിലങ്ങാട്, പന്നിയേരി കുറ്റല്ലൂർ, പാലൂർ, ചക്കിട്ടപ്പാറ, ചെമ്ബനോട പന്നിക്കോട്ടൂർ, ചെങ്കോട്ടക്കൊല്ലി, കൂവപൊയില്‍, മുതുകാട്, വട്ടക്കയം നാദാപുരം തുടങ്ങിയ ഇടങ്ങളിലെല്ലാം മൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. മൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ലെന്നാണ് കർഷകർ പറയുന്നത്. കർഷകർക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നതും തിരിച്ചടിയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കുകയാണ് പലരും. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തില്‍ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. വന്യജീവികളുടെ അക്രമം അവസാനിപ്പിക്കാൻ വനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും ഇൻവെർട്ടറും പുനസ്ഥാപിച്ച് സോളാർ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമമാക്കുകയും ഫെൻസിംഗില്ലാത്ത വനാതിർത്തികളില്‍ അവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് മലയോര ജനതയുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









