പ്രിയമുള്ളവരെ,
ജനകീയ നിയമങ്ങൾ ദുർബലപ്പെടുത്തുന്നതിനെതിരെ ഈ മാസം 14 വൈകീട്ട് മൂന്നു മണിമുതൽ എറണാകുളം ഹൈക്കോടതി ജങ്ക്ഷനിലുള്ള വഞ്ചി സ്‌ക്വയറിൽ വിവിധ സംഘടനകളുടെ ഏകോപനസമിതി നടത്തുന്ന പ്രതിഷേധ ധർണ്ണ വലിയ വിജയമായി മാറ്റേണ്ടതുണ്ട്.
വിവരാവകാശ പ്രവർത്തകർ പ്രതിസന്ധിയിലാണ്. നിയമാനസൃതം നല്കേണ്ടന്ന പല വിവരങ്ങളും നിഷേധിക്കപ്പെടുന്നു. ഏകപക്ഷീകമായി പകർപ്പ് നല്കുവാനുള്ള ഫീസ് വർദ്ധിപ്പിക്കുന്നു, ഇതിനൊക്കെയെതിരെ നടപടിയെടുക്കേണ്ട വിവരാവകാശ കമ്മീഷൻ പ്രവർത്തനത്തിൽ വലിയകാലതാമസമുണ്ടാകുന്നു
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുവാനുള്ള അവസരം ഇനിയും തുടങ്ങാതെ നീട്ടിനീട്ടി കൊണ്ടുപോകുന്നു. കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർഷിക റിപ്പോർട്ട് ലഭ്യമാകുന്നില്ല… അങ്ങനെ വിവരാവകാശത്തെ മെലിഞ്ഞു മെലിഞ്ഞു ഇല്ലാതാക്കുവാനുള്ള ശ്രമങ്ങൾ. സേവനാവകാശ നിയമത്തിന്റെ സ്ഥിതി ഇതിലും പരിതാപകരമായ അവസ്ഥയിൽ.
ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിനായി ഓർഡിനൻസ് ഇറക്കുന്നു.
അഞ്ചുവർഷത്തിൽ ഒരിക്കൽ മാത്രം അഴിമതിക്കാരായ മന്ത്രിമാരെ,സ്വജനപക്ഷം കാട്ടുന്ന ജനപ്രതിനിധികളെ ഒഴിവാക്കുവാൻ വോട്ട് എന്ന അവകാശം മാത്രം കൈമുതലായുള്ള ജനാധിപത്യത്തിൽ ചില കാട്ടുകള്ളന്മാരെ പുറത്താക്കുവാൻ ജനങ്ങൾക്കുള്ള ഏക പ്രതീക്ഷയായിരുന്ന ലോകായുക്തയെ ആ അധികാരങ്ങൾ ഇല്ലായ്‌മ ചെയ്ത് ദുർബലപ്പെടുത്തുന്നു. മറ്റൊരിടത്തുമില്ലാത്ത അധികാരം ഇവിടെ മാത്രമെന്തിന് എന്നാണ് ഭരിക്കുന്നവരുടെ ചോദ്യം. മറ്റെങ്ങുമില്ലാത്ത പല നല്ല കാര്യങ്ങളും ഉള്ളത് കൊണ്ടാണല്ലോ ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേര് അലങ്കാരമായി കൊണ്ടുനടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത ജനങ്ങൾക്കനുകൂലമായ നന്മ ഇവിടെ ഉണ്ടാകുവാൻ പാടില്ലായെന്നോ?കാലങ്ങൾക്ക് മുമ്പ്, ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ഒരു നിയമം അല്ലെങ്കിൽ ലോകായുക്തയുടെ അധികാരം ഇതുവരെയും ഇവർക്കാർക്കും കുഴപ്പവുമായി തോന്നിയിരുന്നില്ല.
അക്കാലത്ത് ഇത് പ്രസിഡൻ്റിൻ്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം നടത്തിയ നിയമനിർമ്മാണമാണ് .
അപ്പോൾ ആ നിയമത്തിൽ കാതലായ മാറ്റം വരുത്തുമ്പോൾ പ്രസിഡൻ്റിൻ്റെ മുൻകൂർ അനുമതി വേണ്ടേ?
ഒരു മന്ത്രിക്ക് ആ നിയമം മൂലം രാജിവെക്കേണ്ടി വന്നു എന്നത് മാത്രമാണ് ഭരിക്കുന്നവർക്ക് ആ നിയമത്തിന്റെ കഴുത്തുഞെരിക്കുവാൻ പ്രേരണയായി തീർന്നത്.
അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം ഒക്കെ തെളിയിക്കപ്പെട്ടാലും കുറ്റാരോപിതർ ഔദ്യോഗിക പദവിയിൽ തുടരുമെന്നായാൽ പിന്നെ നിയമം കൊണ്ടെന്തു പ്രയോജനം?.
ലോകായുക്ത നിയമത്തിന്റെ കരുത്തു തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ അഴിമതി നിരോധനനിയമം പ്രതിലോമകരമായി മാറ്റിമറിച്ച സര്‍ക്കാരാണിത്. കൊട്ടിയാഘോഷിച്ച് കടന്നുവന്ന സേവനാവകാശം കടലാസിലൊതുങ്ങുകയാണ്. വിവരാവകാശനിയമം പ്രയോഗക്ഷമതയില്‍ ഇത്രയും ദുര്‍ബലമായ കാലമുണ്ടായിട്ടില്ല.
ഇതിനെതിരെയുള്ള സമരത്തിന്റെ ആദ്യപടിയായി 2022 മാര്‍ച്ച് 14ന് എറണാകുളം ഹൈക്കോടതി ജങ്ക്ഷനിലെവഞ്ചി സ്‌ക്വയറിൽ വിവിധ സംഘടനകളുടെ ഏകോപനസമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയാണ്.
പൗരാവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള ഈ പ്രതിഷേധ ധർണ്ണയിൽ, അഴിമതിക്കെതിരെ നിയമ വാഴ്ചയ്ക്കു വേണ്ടി ,കക്ഷിരാഷ്ട്രീയത്തിനതീതമായി ജാതി മത നിരപേക്ഷമായി ചിന്തിക്കുകയും, പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത് വിജയിപ്പിക്കണമെന്നു അഭ്യർത്ഥന.
ഡിക്സൺ ഡിസിൽവ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.