ഷാർജ: ശൈത്യകാല അവധിയും ക്രിസ്മസും മുന്നില്‍ക്കണ്ട് കേരളത്തിലേക്കുള്ള ഉയർന്ന വിമാന യാത്രാനിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. തിരക്ക് കുറഞ്ഞ സമയങ്ങളിലെ നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടിയായി വർധിപ്പിച്ച നിരക്കാണ് വിമാന കമ്പനികൾ കുറച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1300 ദിർഹമിന് മുകളില്‍ ആയിരുന്നു കുറഞ്ഞ നിരക്ക്. എന്നാല്‍, തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ 760 ദിർഹം മുതല്‍ ടിക്കറ്റ് ലഭിക്കും. കൊച്ചിയിലേക്ക് 830 ദിർഹം മുതലും കണ്ണൂരിലേക്ക് 850 ദിർഹമിനും കോഴിക്കോട് റൂട്ടില്‍ 890 ദിർഹം മുതലും ടിക്കറ്റ് ലഭ്യമാണ്. കോഴിക്കോട്ടേക്ക് നേരത്തെ തന്നെ ടിക്കറ്റ് നിരക്ക് വിമാന കമ്ബനികള്‍ കുറച്ചിരുന്നു.
ടിക്കറ്റുകള്‍ക്ക് നിരക്ക് ഉയർത്തിയതോടെ പലരും യാത്ര മാറ്റിവെക്കുകയോ മറ്റു മാർഗങ്ങള്‍ തേടുകയോ ചെയ്തിട്ടുണ്ട്. യു.എ.ഇ-ഇന്ത്യ സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഉയർന്ന സമയങ്ങളില്‍ ഒമാനിലെ മസ്കത്തില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. ഇങ്ങനെ ടിക്കറ്റ് എടുത്ത് യു.എ.ഇയില്‍നിന്ന് റോഡ് മാർഗം മസ്‌കത്തിലേക്കും അവിടെ നിന്ന് നാട്ടിലേക്ക് വിമാനം കയറാൻ കാത്തിരിക്കുന്നവരും ഉണ്ട്. 450 ദിർഹമിന് മസ്‌കത്തില്‍നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ലഭ്യായിരുന്നു. കോഴിക്കോട്ടേക്ക് താരതമ്യേന ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ അതുവഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. യു.എ.ഇയില്‍ വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ 14 മുതലാണ്. 2025 ജനുവരി അഞ്ചിനാണ് ശൈത്യകാല അവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുക.
യു.എ.ഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്ക് താരതമ്യേന കുറവാണെങ്കിലും ക്രിസ്മസിനുശേഷം ജനുവരി ആദ്യത്തില്‍ കേരളത്തില്‍നിന്ന് യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് താരതമ്യേന കൂടിയ നിലയിലാണ്. തിരുവനന്തപുരത്തുനിന്ന് 1400 മുതല്‍ 2700 ദിർഹമും കൊച്ചിയില്‍നിന്ന് 1450 മുതല്‍ 3355 ദിർഹമും കോഴിക്കോടുനിന്ന് 860 മുതല്‍ 2055 ദിർഹമും കണ്ണൂരില്‍ നിന്ന് 1100 മുതല്‍ 1650 ദിർഹം വരെയാണ് നിലവില്‍ വിവിധ വിമാന കമ്ബനികള്‍ ഈടാക്കുന്നത്. ഈ നിരക്കും കുറയുമെന്ന പ്രതീക്ഷയിലാണ് പലരും. കഴിഞ്ഞ വർഷം ഇതേ സീസണില്‍ യാത്രക്കാർ കുറവായതിനാല്‍ വിമാനനിരക്ക് ഗണ്യമായി കുറച്ചിരുന്നു. ഇത് ഏറെ പേർക്ക് അനുഗ്രഹമായിരുന്നു. അവധിക്കാലത്ത് അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ടാഴ്ചത്തെ അവധി മാത്രമാണ് ചില സ്കൂളുകള്‍ നല്‍കുന്നത്. ഉയർന്ന വിമാന നിരക്ക് കാരണം പലരും യാത്ര വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കുറഞ്ഞ നിരക്കിന് ടിക്കറ്റ് ലഭിച്ചാല്‍ നാട്ടില്‍ പോയിവരാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.