കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. രാവിലെ ഏഴ് മണിയോടെ 140.35 അടിയാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. നിലവിലെ റൂൾ കർവ് 141 അടിയാണ്. വൃഷ്ടിപ്രദേശത്തുനിന്നും സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നേരത്തെ ജലനിരപ്പ് 138.75 അടിയായപ്പോൾ ആണ് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളം ഒഴുകിവിട്ടത്.
അതേസമയം, ഞായറാഴ്ച രാത്രി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തില്ല. നേരിയ ചാറ്റൽ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.
മുൻകരുതൽ നടപടിയെന്ന നിലയിൽ ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് രാവിലെ വരെ 2399.12 അടിയാണ് നിലവിലെ ജലനിരപ്പ്. റിസർവോയറിൽ 1392.666 ഘനയടി വെള്ളമുണ്ട്. മൊത്തം സംഭരണശേഷിയുടെ 95.42 ശതമാനമാണിത്. ഇന്നലെ 40 സെന്റീമീറ്റർ ഉയർത്തിയ മൂന്നാമത്തെ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ (40 ഘനയടി) വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.
ഈ സാഹചര്യം നിലനിൽക്കെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 ആക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. ജലനിരപ്പ് 141 അടിയാകുമ്പോൾ തമിഴ്നാട് രണ്ടാം മുന്നറിയിപ്പ് നൽകും. തമിഴ്നാട്ടിൽ പെയ്ത മഴയിൽ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി ഉയർന്നു. ഇതേത്തുടർന്ന് വൈഗ അണക്കെട്ടിൽ നിന്ന് 18-ാം കനാൽ വഴി വെള്ളം തുറന്നുവിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.