ഒരു കാലത്ത് സിനിമയില്‍ സൂപ്പര്‍താരങ്ങളായി തിളങ്ങിയവര്‍ പിന്നീട് ഒന്നുമല്ലാതായി തീരുകയും ക്രമേണ സിനിമയോട് വിടപറഞ്ഞ് മറ്റു മേഖലകളിലേക്ക് തിരിയുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു സണ്ണി ഡിയോള്‍.
1980-90 കാലഘട്ടത്തില്‍ വിലയേറിയ താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ 2000 ത്തിന് ശേഷം സണ്ണിയുടെ ജീവിതം മാറി മറഞ്ഞു. 2001 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന് ശേഷം സണ്ണിയുടെ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരു സിനിമ വിജയിക്കുമ്പോള്‍ അതിന് ലഭിക്കുന്ന പ്രശംസയുടെ ഭൂരിഭാഗം പങ്ക് പറ്റുന്നതും നായകന്മാരായിരിക്കും. അതുകൊണ്ടു തന്നെ പരാജയം സംഭവിക്കുമ്പോള്‍ ഒഴിയാന്‍ സാധിക്കാതെ വരും. സണ്ണി ഡിയോളിന് സംഭവിച്ചതും അതു തന്നെയാണ്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ക്കിടയില്‍ സണ്ണി ഡിയോള്‍ ഭാഗ്യമില്ലാത്ത നായകനായി. സണ്ണിയാണ് നായകനെങ്കില്‍ പണം മുടക്കാന്‍ എല്ലാവരും മടിച്ചു. അതിനിടെ ഏതാനും സിനിമകളില്‍ സഹനടനായി വേഷമിട്ടുവെങ്കിലും ആ സിനിമകളും വലിയ വിജയം നേടുകയോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധനേടുകയോ ചെയ്തില്ല.
സിനിമകള്‍ പരാജയപ്പെട്ടതോടെ സണ്ണി കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലേക്ക് പോയി. സിനിമയില്‍ നിന്ന് മാറി നിന്നില്ലെങ്കിലും ബോളിവുഡിലെ സൗഹൃദവലയങ്ങളില്‍ നിന്ന് അദ്ദേഹം അകന്നുനിന്നു. ആരാധകരോ ആരവങ്ങളോ ഇല്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി.
എന്നാൽ 2023 ല്‍ ഗദര്‍ 2 ലൂടെ അതിനെ തിരുത്തിക്കുറിച്ചിരിക്കുകയാണ് സണ്ണി. 2001 ല്‍ പുറത്തിറക്കിയ ഗദര്‍ ആദ്യഭാഗത്തിന്റെ രണ്ടാംഭാഗമാണ് ഗദര്‍ 2. ആദ്യഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്. നായികയായി അമീഷ പട്ടേലും. ഒരു തരത്തില്‍ അമീഷയുടെ തിരിച്ചുവരവിനും വഴിയൊരുക്കിയിരിക്കുകയാണ് ഗദര്‍ 2.
ഗദര്‍ 2. വെറും 80 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 400 കോടിയും കവിഞ്ഞ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹിന്ദി സിനിമയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന് നായകനായ പഠാന് ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര്‍ 2. പഠാന് റെക്കോഡ് ഗദാര്‍ 2 തകര്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
1947 ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ഗദര്‍ എക് പ്രേം കഥയുടെ പ്രമേയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാംഭാഗത്തില്‍ 1971 ലെ ഇന്ത്യ-പാക്ക് യുദ്ധമാണ് പശ്ചാത്തലം. താരാസിങ് (സണ്ണി ഡിയോള്‍)- സക്കീന (അമീഷ പട്ടേല്‍) ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമാധാനപരമായി മുന്നോട്ടുപോയികൊണ്ടിരുന്ന താരാസിങിന്റെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഗദര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരവെയാണ് സണ്ണി ഡിയോളിന് ജപ്തി നോട്ടീസ് ലഭിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. വായ്പ്പയെടുത്തിനെ തുടര്‍ന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി താരത്തിന്റെ മുംബൈയിലെ ബംഗ്ലാവ് ലേലം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് സണ്ണിയ്ക്ക് നല്കിയ ഇ-ലേല നോട്ടീസ് പിന്‍വലിച്ചതായി ബാങ്ക് ഓഫ് ബറോഡ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം 2002-ലെ സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.